ജമ്മു: കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച ലഷ്‌കറെ തയിബ ഭീകരൻ താലിബ് ഹുസൈൻ ഷാ കുറച്ചുകാലം ഒരു രാഷ്ട്രീയകക്ഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവെന്നു ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിങ് പറഞ്ഞു. ഭീകരനു ബിജെപി ബന്ധമുണ്ടെന്ന ആരോപണത്തെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഡിജിപിയുടെ വിശദീകരണം. എന്നാൽ അദ്ദേഹം രാഷ്ട്രീയകക്ഷിയുടെ പേരു പരാമർശിച്ചില്ല.

അമർനാഥ് തീർത്ഥാടകർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിനെ തുടർന്ന് അറസ്റ്റിലായ ലഷ്‌കർ ഭീകരൻ ബിജെപിയുടെ ഐടി സെൽ മുൻ തലവൻ എന്നായിരുന്നു റിപ്പോർട്ട്. പിടിയിലായ താലിബ് ഹുസൈൻ ഷാ ബിജെപിയുടെ സജീവ പ്രവർത്തകനും ന്യൂനപക്ഷ മോർച്ചയുടെ ജമ്മുവിലെ ഐടി സെൽ ചുമതലക്കാരനുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ജമ്മു കശ്മീർ പൊലീസ് ഭീകരരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് എ.കെ 47 തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

അതേസമയം ഓൺലൈൻ വഴിയുള്ള അംഗത്വ ക്യാമ്പയിനാണ് ആളുകളുടെ പശ്ചാത്തലം പരിശോധിക്കാതെ സംഘടനയ്ക്കുള്ളിൽ നുഴഞ്ഞ് കയറാൻ കാരണമാവുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ ന്യായീകരണം. ഇതൊരു പുതിയ രീതിയാണെന്നും ബിജെപിയുടെ ഭാഗമായി വിശ്വാസ്യത നേടിയെടുത്ത ശേഷം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഇത്തരക്കാരുടെ രീതിയെന്നും പാർട്ടി വക്താവ് ആർ.എസ് പത്താനിയ പറഞ്ഞു. ജമ്മുവിലെ റിയാസിയിൽ നിന്ന് ഞായറാഴ്ചയാണ് പൊലീസ് താലിബ് ഹുസൈൻ, ഫൈസൽ അഹമ്മദ് ധർ എന്നിവരെ പിടികൂടിയത്.

അറസ്റ്റിലായവർ ലഷ്‌കർ-ഇ-ത്വയ്ബയുമായി ചേർന്ന് ഭീകരപ്രവർത്തനം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. രജൗരിയിലേയും തെക്കൻ കശ്മീരിലേയും നിരവധി തീവ്രവാദ കേസുകളിൽ പൊലീസ് അന്വേഷിച്ചുനടക്കുന്ന കുറ്റവാളികൾ കൂടിയാണ് പിടിയിലായവർ. നാട്ടുകാരാണ് ഇവരെ പിടികൂടിയതും പൊലീസിനേയും സൈന്യത്തേയും അറിയിച്ചതുമെന്നും ജമ്മു കശ്മീർ പൊലീസ് എഡിജിപി മുകേഷ് സിങ് പറഞ്ഞു. കഴിഞ്ഞ വർഷം രജൗരിയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകർ പിടിയിലായ താലിബ് ഹുസൈൻ ആണ്.

അമർനാഥ് യാത്രസംഘത്തിന് നേരെ ആക്രമണം പദ്ധതിയിട്ടതിന് പിന്നിലും താലിബ് ഹുസൈൻ ആണെന്നാണ് പൊലീസ് പറയുന്നത്. ഓൺലൈൻ വാർത്താപോർട്ടൽ നടത്തുന്ന താലിബ് ഹുസൈന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിരവധി ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 9-ന് ആണ് താലിബ് ഹുസൈനെ ബിജെപി ജമ്മു മേഖലയിലെ ന്യൂനപക്ഷ മോർച്ചയുടെ ഐടി സെൽ ചുമതലക്കാരനായി നിയമിച്ചത്.