- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സിങ് ഹോമിലെ നഴ്സായി ജോലി തുടങ്ങി; എൻ എച്ച് എസ് ജോലി ചെയ്യുമ്പോൾ ബിസിനസ്സ് ആരംഭിച്ചു; യു കെയിലെ പ്രശസ്തമായ വിമൻ ഫ്രാഞ്ചൈസർ ഓഫ് ദി ഇയർ പുരസ്കാരത്തിന്റെ ഫൈനലിസ്റ്റായി മലയാളി; നഴ്സ് ജൂലിയുടെ ആരെയും അവേശം കൊള്ളിക്കുന്ന കഥ
ലണ്ടൻ: ചരിത്രത്തിൽ ഇതാദ്യമായി ഒരു മലയാളി വനിത വ്യവസായ സംരംഭകയ്ക്ക് ബ്രിട്ടനിൽ അംഗീകാരം ലഭിക്കുന്നു. മലയാളിയായ് ജൂലി ഉമ്മനാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നത്. ഫ്രാഞ്ചൈസി ബിസിനസ്സിനുള്ള അംഗീകാരമായി നൽകുന്ന ഒരു നാഷണൽ ബിസിനസ്സ് അവാർഡിന്റെ ഫൈനലിസ്റ്റായി മാറിയിരിക്കുകയാണ് ഈ മലയാളി വനിത.
നാറ്റ്‌വെസ്റ്റ് എൻകറേജിമ്മ്ഗ് വിമൻ ഇൻ ഫ്രാഞ്ച്സിംഗിൽ (ഇ ടി ഡബ്ല്യൂ ഐ എഫ്) ന്യു വുമൻ ഫ്രാഞ്ചൈസി ഓഫ് ദി ഇയർ അവാർഡിനുള്ള ഫൈനലിസ്റ്റുകളുടെ പട്ടികയിലാണ് ജൂലി ഉൾപ്പെട്ടിരിക്കുന്നത്. എൻ എച്ച് എസിൽ സ്റ്റാഫ് നഴ്സായി ജീവിതമാരംഭിച്ച ജൂലി, യു കെയിലെ ഹോം കെയർ ബിസിനസ്സ് രംഗത്തെ അതികായരായ കെയർമാർക്കിന്റെ ഫ്രാഞ്ചൈസി ആയിട്ടായിരുന്നു ബിസിനസ്സിലേക്ക് പ്രവേശിക്കുന്നത്. വേക്ക്ഫീൽഡ് ആസ്ഥാനമാക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്.
2004 ജനുവരിയിൽ ഇന്ത്യയിൽ നിന്നും യു കെയിലെത്തിയ ഇവർ ലീഡ്സിലെ ഒരു നഴ്സിങ് ഹോമിൽ നഴ്സ് ആയിട്ടായിരുന്നു ബ്രിട്ടനിലെ ജീവിതം ആരംഭിച്ചത്. അതിനു ശേഷമാണ് അവർക്ക് എൻ എച്ച് എസിൽ ജോലി ലഭിക്കുന്നത്‌ലീഡ്സിലെ തന്നെ സെയിന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഒഫ്താല്മോളജി വിഭാഗത്തിൽ നഴ്സായിട്ടായിരുന്നു ഇവർ എൻ എച്ച് എസിൽ തുടക്കം കുറിക്കുന്നത്.
ആത്മാർത്ഥതയും, സമർപ്പണമനോഭാവവും അതിനു പുറമെ പുതിയതായി എന്തും പഠിക്കുവാനുള്ള ഒടുങ്ങാത്ത ആഗ്രഹവുമൊക്കെ കൂടെപ്പിറപ്പായ ജൂലി തന്റെ തൊഴിൽ മേഖലയിൽ അതിവേഗം ഉയർന്നു. നഴ്സായി ജീവിതമാരംഭിക്കുന്നവർ ഒക്കെ സ്വപനം കാണുന്ന റെറ്റിനൽ സ്പെഷ്യലിസ്റ്റ് പ്രാക്ടീഷണ (ബാൻഡ് 7) വരെ അവർ ഉയർന്നു വന്നു. സെയിന്റ് ജെയിംസ് ആശുപത്രിയിൽ തന്നെയായിരുന്നു അവർ റെറ്റിനൽ സ്പെഷ്യലിസ്റ്റ് പ്രാക്ടീഷണറായി ജോലി ചെയ്തിരുന്നത്.
ഇവിടെ ജോലി ചെയ്യുന്നതിനതിനിടയിലായിരുന്നു ജൂലിക്ക് പ്രൈമറി കെയർ മേഖലയിൽ താത്പര്യം ജനിക്കുന്നത്. അതിനു പ്രധാന കാരണം ഒഫ്താല്മോളജി വിഭാഗത്തിൽ എത്തിയിരുന്ന രോഗികളിൽ ഭൂരിഭാഗവും പ്രായം കൂടിയവരായിരുന്നു എന്നതു തന്നെയായിരുന്നു. അതിനിടയിലാണ് ബിസിനസ്സിൽ താത്പര്യം വർദ്ധിച്ച്, തന്റെ റെറ്റിനൽ സ്പെഷ്യലിസ്റ്റ് പ്രാക്ടീഷണർ എന്ന ജോലിയിൽ നിന്നും ഒരു ഇടവേളയെടുത്ത് അവർ ബിസിനസ്സ് രംഗത്ത് കാലുകുത്തുന്നത്.
കെയർമാർക്കിന്റെ ഫ്രാഞ്ചൈസി എടുത്ത് ബിസിനസ്സ് ആരംഭിച്ച് ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ അവർ 2021 ലെ യുകെയുടെ വടക്കൻ മേഖലയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഫ്രാഞ്ചൈസി എന്ന അവാർഡ് കരസ്ഥമാക്കി. കോവിഡ് കത്തിനിൽക്കുന്ന സമയത്തായിരുന്നു 2020 ഒക്ടോബറിൽ ജൂലി തന്റെ ഹോം കെയർ ബിസിനസ്സ് തുടങ്ങുന്നത്. തന്റെ ഈ യാത്രയിലുടനീളം കുടുംബവും സുഹൃത്തുക്കളും ജൂലിക്ക് താങ്ങായി ഉണ്ടായിരുന്നു. ഒപ്പം ഒരു കൂട്ടം ആത്മാർത്ഥതയുള്ള ഉപഭോക്താക്കളും. പ്രത്യേകിച്ച് തന്റെ ഭർത്താവ് ഡോക്ടർ നന്ദകിഷോറിന്റെ പിന്തുണയാണ് തന്റെ എല്ലാ വിജയങ്ങൾക്ക് പുറകെയുമുള്ളതെന്ന് രണ്ടു മക്കളുടെ അമ്മ കൂടിയായ ജൂലി വിശ്വസിക്കുന്നു.
വ്യവസായ സംരംഭകത്വം എന്നത് ഒരുപാട് വെല്ലുവിളി നിറഞ്ഞ ഒരു സാഹസിക യജ്ഞമാണെന്നാണ് ജൂലി പറയുന്നത്. നൈപുണരായ കെയർ വർക്കർമാരെ ലഭിക്കാത്തതും, കോവിഡിനോടുള്ള ഭയം മൂലം ആളുകൾ കെയറർമാരെ ഒഴിവാക്കാൻ തുടങ്ങിയതുമെല്ലാം ജൂലിക്ക് കടുത്ത വെല്ലുവിളികൾ സൃഷ്ടിച്ചു. എന്നാൽ, വെല്ലുവിളികൾ എല്ലാം തന്നെ ശാന്തയായി അഭിമുഖീകരിക്കാൻ തികഞ്ഞആത്മവിശ്വാസമുള്ള ജൂലിക്കായി. അതിന്റെ ഫലം ഉടനടി ദൃശ്യമാകാനും തുടങ്ങി.
മലയാളി വ്യവസായ സംരംഭകരോട് എന്തെങ്കിലും സന്ദേശം നൽകാനുണ്ടോ എന്ന ചോദ്യത്തിന് വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായ ഒരു മനസ്സുണ്ടെങ്കിൽ അവിടെ വിജയവും ഉണ്ടാകും എന്നായിരുന്നു ജൂലിയുടെ മറുപടി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മുട്ടം സ്വദേശിയാണ് ജൂലി. ഭർത്താവ് ഡോക്ടർ നന്ദ കിഷോർ. ഗ്രാഡ്വേറ്റ് വിദ്യാർത്ഥി ആയ ആദർശും എ ലെവൽ വിദ്യാർത്ഥിനി ആയ ശ്രേയയുമാണ് മക്കൾ, വെസ്റ്റ് യോർക്ക്ഷയറിലെ ലീഡ്സിലാണ് ജൂലി കുടുംബസമേതം താമസിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ