കണ്ണൂർ: പയ്യാമ്പലത്തെ വികസനത്തിന്റെ പേരിൽ ജില്ലാടൂറിസം പ്രമോഷൻ കൗൺസിൽ നാശോന്മുഖമാക്കിയ തന്റെ ശിൽപങ്ങൾ നേരിട്ടുകാണാൻ പ്രശസ്തശിൽപി കാനായി കുഞ്ഞിരാമൻ പയ്യാമ്പലം ചിൽഡ്രൻസ് പാർക്കിലെത്തുന്നു. ബുധനാഴ്‌ച്ച രാവിലെ 11 മണിയോടെ അദ്ദേഹം കണ്ണൂർ പയ്യാമ്പലത്ത് എത്തും. ചിത്രകാരന്മാരും ശിൽപികളും കലാസാംസ്‌കാരിക രംഗത്തെ പ്രവർത്തകരും കാനായിയെ അനുഗമിക്കും.

കഴിഞ്ഞ നായനാർ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഇ.കെ നായനാരുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പയ്യാമ്പലത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി കാനായി കുഞ്ഞിരാമൻ രണ്ട് ശിൽപങ്ങൾ രൂപകൽപ്പന ചെയ്തത്. പയ്യാമ്പലം പാർക്ക് സ്ഥാപിച്ചതും ഓപ്പൺ ഓഡിറ്റോറിയം അടക്കം ഡിസൈൻ ചെയ്തതും കാനായിയുടെ ഭാവനയിൽ തന്നെയായിരുന്നു. പാർക്കിലെ അദ്ദേഹത്തിന്റെ പ്രശസ്തമായ അമ്മയും കുഞ്ഞും മൺശില്പം വേണ്ടത്ര പരിപാലിക്കപ്പെടാതെ നശിച്ചു കഴിഞ്ഞു.

ഇതിനിടയിലാണ് റിലാക്സിംങ് എന്ന് പേരിട്ട അദ്ദേഹത്തിന്റെ രണ്ടാമത്തെ ശിൽപത്തിന് തൊട്ടരികിൽ റോപ് വേ യുടെ പേരിൽ ഡിടിപിസി അധികൃതർ കൂറ്റൻ ടവർ സ്ഥാപിച്ചത്. ടവർ സ്ഥാപിച്ചത് റിലാക്സിംങ് ശിൽപ്പത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ ശിൽപത്തിന് മുകളിൽ ടവർ നിർമ്മാണത്തിനായി മെറ്റൽ ഇറക്കിയതും വിവാദമായിരുന്നു.

ടവർ നിർമ്മാണ തൊഴിലാളികൾ ഔചിത്യമില്ലാതെ പെരുമാറിയതുകാരണം റിലാക്സിങ് ശിൽപത്തിന്റെ ചിലഭാഗങ്ങൾ അടർന്നു പോയിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് ചിത്രകലാപരിഷത്ത് പ്രവർത്തകർ പ്രതിമയ്ക്കു ചുറ്റും സംരക്ഷണവലയം സൃഷ്ടിച്ചിരുന്നു.വിവരമറിഞ്ഞ് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീയോത്ത്, വൈസ് ചെയർമാൻ എബി എൻ ജോസഫ് എന്നിവരും സ്ഥലം സന്ദർശിച്ചു ഡി.ടി.പി.സിയുടെ നടപടിയിൽ പ്രതിഷേധിച്ചിരുന്നു.

സംഭവം വിവാദമായതോടെ ഡിടിപിസി അധികൃതർ കാനായി കുഞ്ഞിരാമന്റെ കാഞ്ഞങ്ങാട്ടെ വീട്ടിലെത്തുകയും അനുരഞ്ജന ചർച്ച നടത്തുകയും ചെയ്തു. ഇതിനു ശേഷം കണ്ണൂർ കലക്ടർ എസ്. ചന്ദ്രശേഖർ കാനായിയെ കണ്ണൂരിലേക്ക് ചർച്ചയ്ക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന കാനായി കുഞ്ഞിരാമൻ ഒരാഴ്ചയിലേറെയായി കാഞ്ഞങ്ങാട്ടെ വീട്ടിലാണുള്ളത്.

ശിൽപങ്ങൾ സ്ഥലത്തുനിന്ന് മാറ്റാൻ പാടില്ലെന്നും സംരക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കാനായി കുഞ്ഞിരാമനൊപ്പം ജില്ലയിലെ ശിൽപികളും കലാകാരന്മാരും പയ്യാമ്പലത്തെത്തും. ഇതിനിടെ ഇന്നലെ നടന്ന കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണപക്ഷം അവതരിപ്പിക്കുമെന്നു പറഞ്ഞ പ്രമേയം അവസാന നിമിഷം മാറ്റി. ലോക പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന്റെ പയ്യാമ്പലത്തെ ശിൽപങ്ങൾ സംരക്ഷിക്കണമെന്ന പ്രമേയമാണ് ഒടുവിൽ മാറ്റിയത്.