തിരുവനന്തപുരം: വൃദ്ധസദനങ്ങളടക്കമുള്ള അഗതി കേന്ദ്രങ്ങളിലേക്ക് സൗജന്യ നിരക്കിൽ നൽകി വന്നിരുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം മോദി സർക്കാർ നിർത്തി. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും മൗനത്തിലാണ്. പാവങ്ങളുടെ ഭക്ഷണം നിർത്തലാക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ്. എന്നാൽ പാവങ്ങളുടെ പ്രശ്‌നത്തിൽ പ്രതിഷേധത്തിനോ സമരത്തിനോ മുഖ്യധാര രാഷ്ട്രീയ കക്ഷികളും തയ്യാറല്ല. ഒരു മണ്ഡലത്തിലും ഇവർ വോട്ട് ബാങ്ക് അല്ലാത്തതാണ് ഇതിന് കാരണം.

കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനം അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. അഭയ ഭവനുകളിലേക്കും ബാലഭവനുകളിലേക്കും പൊതുവിതരണ വകുപ്പ് സൗജന്യ നിരക്കിൽ നൽകിയിരുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം ഭക്ഷ്യസാമഗ്രികൾ സ്റ്റോക്കില്ലെന്ന കാരണം പറഞ്ഞാണ് നിർത്തലാക്കിയത്. വെൽഫെയർ സ്‌കീമിൽ പെടുത്തി കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളായിരുന്നു ഇവ. വെൽഫർ സ്‌കീം കേന്ദ്രം നിർത്തി. അതുകൊണ്ട് തന്നെ സംസ്ഥാനവും നൽകുന്നില്ല.

സംസ്ഥാന റേഷൻ വകുപ്പിലൂടെയാണ് ഈ വസ്തുക്കൾ നൽകിയിരുന്നത്. സ്‌കീം പ്രകാരം വിതരണത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ സ്റ്റോക്കില്ലെന്നു കാട്ടി പൊതു വിതരണ ഉപഭോക്തൃ കാര്യാലയത്തിൽ നിന്നു ജില്ലാ സപ്ലൈ ഓഫിസർമാർക്കാണ് അറിയിപ്പു ലഭിച്ചത്. തുടർന്ന്, റേഷൻ കട അധികൃതർ ഓർഫനേജ് കൺട്രോൾ ബോർഡിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

സൗജന്യനിരക്കിൽ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്ന ഏകദേശം 1800 സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ബാലഭവനുകൾ, അഭയഭവനുകൾ, ഭിന്നശേഷിക്കാരുടെ താമസ കേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിവിടങ്ങളിൽ കഴിയുന്ന ഒരു ലക്ഷത്തോളം പേരുടെ അന്നമാണ് ഇതുവഴി മുടങ്ങുന്നത്. പല സ്ഥാപനങ്ങളും ഈ സഹായത്തിലാണ് പിടിച്ചു നിന്നത്. മുമ്പോട്ട് പോകാൻ പ്രയാസപ്പെടുന്ന പല സ്ഥാപനങ്ങളും അതുകൊണ്ട് തന്നെ പ്രതിസന്ധിയിലേക്ക് പോകും.

ഒരു അന്തേവാസിക്ക് ഒരു മാസം 10.5 കിലോഗ്രാം അരി, നാലര കിലോഗ്രാം ഗോതമ്പ് എന്നിവയാണ് കിട്ടിക്കൊണ്ടിരുന്നത്. അരിക്ക് കിലോയ്ക്ക് 5.65 രൂപയും ഗോതമ്പിന് 4.15 രൂപയുമാണ് ഈടാക്കിയിരുന്നത്. വിപണയിൽ അരിക്ക് കിലോ 40 രൂപയ്ക്ക് അടുത്തുണ്ട്. അതുകൊണ്ട് തന്നെ സ്‌കീം നിർത്തലാക്കിയത് വലിയ വരുമാനമില്ലാത്ത അഗതി മന്ദിരങ്ങളെ ബാധിക്കും.