തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയിൽ പുതിയതായി നിയമിതരായ മോൺ. ആന്റണി കാക്കനാട്ട് റമ്പാനും മോൺ. മാത്യു മനകരക്കാവിൽ റമ്പാനും ജൂലായ് 15 ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മെത്രാന്മാരായി അഭിഷിക്തരാകും.

മാർ ഇവാനിയോസ് മെത്രാപ്പൊലീത്തായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന കുർബാനമദ്ധ്യേയാണ് ഇരുവരും മെത്രാന്മാരായി അഭിഷിക്തരാകുന്നത്. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാർ സഹകാർമികരാകും.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നൽകും. ശുശ്രൂഷയ്ക്കു ശേഷം സിറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചു ബിഷപ്പ് ലിയോ പോൾഡോ ജിറേല്ലി, തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് തോമസ് ജെ. െനറ്റോ എന്നിവർ അനുഗ്രഹ സന്ദേശങ്ങൾ നൽകും.കത്തീഡ്രലിനിരുവശത്തുമായി പതിനായിരംപേർക്ക് ഇരിക്കാവുന്ന പന്തലിന്റെ പണി പൂർത്തിയായിവരുന്നു.