ലണ്ടൻ: കഴിഞ്ഞാഴ്ച വിംബിൾഡൺ തുടങ്ങിയ ശേഷം ഓസീസ് താരം നിക്ക് കിർഗിയോസിന് ശ്വാസം വിടാൻ പോലും നേരമില്ല. ക്വാർട്ടർ ഫൈനലിൽ ബുധനാഴ്ച വൈകുന്നേരം ചിലിയുടെ ക്രിസ്ത്യൻ ഗാരിനെ നേരിടാൻ തയ്യാറെടുക്കുന്നതിനിടെ, താരത്തെ അസ്വസ്ഥനാക്കാവുന്ന വാർത്ത എത്തി. മുൻ കാമുകിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ കിർഗിയോസിന് എതിരെ ഓസ്‌ട്രേലിയയിൽ കേസെടുത്തു. അടുത്ത മാസം താരം കോടതിയിൽ ഹാജരാകണം. ഏതായാലും വിംബിൾഡണിലെ മുന്നേറ്റത്തെ കേസ് ബാധിക്കില്ല.

കിർഗിയോസിന് എതിരെ കുറ്റം ചുമത്തിയെന്ന മട്ടിലുള്ള വാർത്തകൾ അദ്ദേഹത്തിന്റെ അഭിഭാഷകർ തള്ളിക്കളഞ്ഞു. ആരോപണങ്ങൾ വസ്തുതകളാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയും, അതംഗീകരിക്കുകയും ചെയ്യുന്നത് വരെ വാർത്തകൾ അതിശയോക്തിപരം എന്നാണ് അഭിഭാഷകരുടെ നിലപാട്. മുൻ ലോക 13ാം നമ്പർ താരമാണ് കിർഗിയോസ്.

കിർഗിയോസിന്റെ പേര് പറയാതെയാണ് ഓസ്‌ട്രേലിയൻ കാപിറ്റൽ ടെറിറ്ററി പൊലീസിങ് പ്രസ്താവന ഇറക്കിയത്. 2021 ഡിസംബറിൽ നടന്ന കയ്യേറ്റവുമായി ബന്ധപ്പെട്ട് 27 കാരനെ എസിടി മജിസ്‌ട്രേറ്റ് കോടതിയിൽ ഓഗസ്റ്റ് രണ്ടിന് വിളിപ്പിച്ചിട്ടുണ്ട്, എന്നാണ് പൊലീസ് പ്രസ്താവന. കിർഗിയോസിന്റെ മുൻ കാമുകിയായ ചിയാറ പസ്സാരി നൽകിയ പരാതിയിലാണ് കേസെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആരോപണം ഗുരുതരമാണ്. ഇതിനെ കിർഗിയോസ് ഗൗരവമായി കണക്കാക്കുന്നു. കേസ് കോടതിയിലെത്തിയ സാഹചര്യത്തിൽ കിർഗിയോസ് പ്രതികരിക്കുന്നില്ല. എന്നാൽ, സമയമാകുമ്പോൾ വാർത്താ കുറിപ്പ് ഇറക്കുമെന്ന് കിർഗിയോസിന്റെ അഭിഭാഷകൻ ജേസൺ മോഫറ്റ് പ്രതികരിച്ചു.

കോർട്ടിലെ പെരുമാറ്റത്തിന്റെ പേരിലും സമീപകാലത്ത് വിവാദപുരുഷനാണ് കിർഗിയോസ്. പോൾ ജബ്ബുമായി ഉള്ള ആദ്യ റൗണ്ട് മത്സരത്തിൽ, കാണികളിൽ ഒരാൾക്ക് നേരേ തുപ്പിയതിന് താരത്തിന് പിഴ ചുമത്തിയിരുന്നു. മോശം പെരുമാറ്റത്തിന് 10,000 ഡോളറാണ് കിർഗിയോസിന് പിഴ വിധിച്ചത്.

പിന്നീട് മൂന്നാം റൗണ്ടിൽ, ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസുമായി ഉള്ള മത്സരത്തിലെ വാക്കേറ്റവും വിവാദമായി. കളിയിൽ ജയിച്ചുകയറിയെങ്കിലും, അമ്പയറുമായി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടതും വാർത്തയായി. ആ കളിക്ക് ശേഷം നിക്ക് കിർഗിയോസിൽ ഒരു പൈശാചിക ശക്തിയുണ്ടെന്നാണ് സ്റ്റെഫാനോസ് സിറ്റ്‌സിപാസ് പ്രതികരിച്ചത്.

ഗാലറിയിലേക്ക് പന്തടിച്ച സിറ്റ്‌സിപാസിനെ പുറത്താക്കണമെന്ന് അമ്പയറോട് കിർഗിയോസും. മോശം വാക്കുകൾ ഉപയോഗിച്ചതിന് താക്കീതും കിട്ടി. കിർഗിയോസ് ആളൊരു മുട്ടാളനാണെന്ന് സിറ്റ്‌സിപാസ്പറഞ്ഞു. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ അങ്ങനെയായിരിക്കാനാണ് സാധ്യത. മറ്റൊരു താരവും ഇതുപൊലീല്ല. എന്തിനും ഏതിനും വഴക്കാണ്. ഒരു പൈശാചികത അയാളിലുണ്ട്, സിറ്റ്‌സിപാസ് പറഞ്ഞു. ഏതായാലും കിർഗിയോസിന്റെ കളിയെ ഇതൊന്നും ബാധിക്കുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.