വളപട്ടണം: പുതിയതെരു-താഴെചൊവ്വ ഹൈവേയുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച സ്ഥല പരിശോധന പൂർത്തിയായി. എൻ.എച്ച്.എ.ഐ കൺസൾട്ടന്റിന്റെയും ഹൈവേ നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനിയുടെയും പ്രതിനിധികളും ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതിനിധികളായി കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ദേശീയപാതാവിഭാഗം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ റ്റി. പ്രശാന്ത് എന്നിവരും അടങ്ങുന്ന സംയുക്തസംഘമാണ് സ്ഥല പരിശോധന നടത്തിയത്.

കണ്ണൂർ പുതിയതെരു-താഴെചൊവ്വ ഹൈവേയിൽ മീഡിയനുകളുടെ തകർച്ചയും റോഡ് റിഫ്ലക്ടറുകളുടെ അഭാവവും മറ്റും മൂലം അപകടങ്ങൾ തുടർക്കഥയാകുന്നത് ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് എംപി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിനിതിൻ ഗഡ്കരിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുവാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയത്.

പുതിയ ഹൈവേ നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയോടാണ് നിലവിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുവാൻ നിർദേശിച്ചത്. നിലവിൽ പുതിയതെരു-താഴെചൊവ്വ ഹൈവേയിലെ മീഡിയനുകൾ പലഭാഗത്തും തകർന്നു കിടക്കുന്നതും മീഡിയനുകളിൽ വേണ്ടത്ര റിഫ്ലക്ടറുകൾ ഇല്ലാത്തതും വർദ്ധിച്ചു വരുന്ന അപകടങ്ങൾക്ക് കാരണമാകുന്നു. ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന 15 കിലോമീറ്ററോളം ദൂരമുള്ള ഈ ഭാഗത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ റോഡ് അപകടങ്ങളിൽപ്പെട്ട് മുപ്പതിലധികം പേർക്ക് ജീവഹാനിയും നിരവധി പേർക്ക് ശാരീരിക വൈകല്യങ്ങളും സംഭവിച്ചിട്ടുണ്ട്.

എന്തൊക്കെ അറ്റകുറ്റപ്പണികളാണ് അടിയന്തരമായി ചെയ്തു തീർക്കേണ്ടത് എന്നത് സംബന്ധിച്ചും മീഡിയനുകൾ പുതുക്കി പണിത് റിഫ്ലക്ടറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും സ്ഥലപരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്കായി എൻ.എച്ച്.എ.ഐ കൺസൾട്ടന്റിന്റെയും ഹൈവേ നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനിയുടെയും പ്രതിനിധികളും ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതിനിധികളായി കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, കണ്ണൂർ PWD NH ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർടി.പ്രശാന്ത് എന്നിവരും അടങ്ങുന്ന സംയുക്തസംഘം സ്ഥലത്ത് വിശദ പരിശോധന നടത്തി.

അടിയന്തരമായി ചെയ്തു തീർക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങളെന്തൊക്കെയെന്ന് സംഘം വിലയിരുത്തി. റോഡിലെ പൊളിഞ്ഞുകിടക്കുന്ന മീഡിയനുകൾ പുനർനിർമ്മിക്കുവാനും കൂടാതെ റോഡിൽ അങ്ങോളമിങ്ങോളമുള്ള മുഴുവൻ മീഡിയനുകളും പെയിന്റ് ചെയ്യുവാനും തീരുമാനിച്ചു. മീഡിയനുകളിലെല്ലാം തന്നെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള റിഫ്ലക്ടറുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു.

കൂടാതെ തകർന്നു കിടക്കുന്ന ഫുട്പാത്ത് സ്ലാബുകളും കൈവരികളും മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. സ്ഥല പരിശോധനയിൽ തീരുമാനിച്ച പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കുമെന്ന് എൻ.എച്ച്.എ.ഐ കൺസൾട്ടന്റിന്റെയും കരാർ കമ്പനിയുടെയും പ്രതിനിധികൾ അറിയിച്ചു.