നെടുങ്കണ്ടം: മോഷണശ്രമത്തിനിടെ പിടിക്കപ്പെട്ടപ്പോൾ കടന്നുകളഞ്ഞയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഉടുമ്പൻചോലയ്ക്കു സമീപം ചെമ്മണ്ണാറിൽ മോഷണശ്രമത്തിനിടെ കടന്നുകളഞ്ഞയാളെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണു കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്.

ജോസഫിന്റെ കഴുത്ത് ഞെരിച്ചാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ജോസഫിന്റെ കഴുത്തിലെ എല്ലുകൾ പൊട്ടി ശ്വാസനാളിയിൽ കയറി ശ്വാസതടസ്സമുണ്ടായതാണു മരണകാരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രതി നിരീക്ഷണത്തിലുണ്ടെന്നും ഇന്ന് അറസ്റ്റുണ്ടാകുമെന്നും ഉടുമ്പൻചോല പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണു കൊലപാതകം നടന്നത്.

ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലെ മോഷണശ്രമത്തിനിടെയാണു സംഭവങ്ങളുടെ തുടക്കം. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കയറിയ ജോസഫ്, രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്കോടി. തന്നെ കടിച്ചു പരുക്കേൽപിച്ചശേഷം ജോസഫ് കടന്നുകളഞ്ഞെന്നാണ് രാജേന്ദ്രൻ പറയുന്നത്. പിന്നീട് നാട്ടുകാർ ചേർന്ന് കള്ളനു വേണ്ടി നടത്തിയ തിരച്ചിലിൽ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.

ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉടുമ്പൻചോല എസ്എച്ച്ഒ ഫിലിപ് സാം, നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു എന്നിവരുൾപ്പെട്ട അന്വേഷണ സംഘത്തിനു ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി രൂപം നൽകിയിരുന്നു.