കൊച്ചി : സംസ്ഥാന മന്ത്രിയും സിപിഐഎംന്റെ മുതിർന്ന നേതാവുമായ എം വിഗോവിന്ദന്റെ പ്രസ്ഥാവനയെ സ്വാഗതം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്. കോഴിക്കോട് കോർപ്പറേഷൻ നിർമ്മിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട് അക്രമാസക്ത സമരത്തിന് നേതൃത്വം നൽകുന്നത് എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സംഘടനകളാണെന്ന മന്ത്രിയുടെ നിയമ സഭയിലെ പ്രസ്ഥാവനയെയാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം സ്വാഗതം ചെയ്തിരിക്കുന്നത്.

സമാധാനപരമായി നടത്തുന്ന പല പരിസ്ഥിതി സമരങ്ങളുടെയും നേതൃത്വങ്ങളിലേക്ക് ബോധപൂർവ്വം നുഴഞ്ഞു കയറി ആക്രമണങ്ങൾ നടത്താൻ ഇത്തരം സംഘടനകൾ ശ്രമിക്കുന്ന വിവരം വിശ്വഹിന്ദു പരിഷത്ത് വർഷങ്ങളായി പൊതുജനസമക്ഷം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സത്യത്തിനുള്ള അംഗീകാരമാണ് നിയമ സഭാരേഖയായി മാറിയിരിക്കുന്ന മന്ത്രിയുടെ പ്രസ്ഥാവനയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ എന്നിവർ പറഞ്ഞു.

നിയമസഭ രേഖയുടെ ഭാഗമായി മാറിയ മന്ത്രിയുടെ മറുപടി തന്നെ ഈ സംഘടനകളെ നിരോധിക്കാൻ പര്യാപ്തമാണ്. അതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം. സംസ്ഥാന സർക്കാരിലെ മുതിർന്ന മന്ത്രി 'തീവ്രവാദ ശക്തികൾ' എന്നു വിശേഷിപ്പിച്ച തീവ്രവാദ സംഘടനകളുടെ നേതാക്കളെ അതേ പാർട്ടിക്കാർ തന്നെ എ.കെ.ജി സെന്ററിലേക്ക് സ്വീകരിച്ച നടപടി അത്യന്തം അപഹാസ്യമാണ്. കേരളത്തിൽ നടക്കുന്ന രാഷ്ട്ര വിരുദ്ധ നടപടികൾക്ക് ചുക്കാൻ പിടിക്കുന്ന ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദമായ അന്വേഷണങ്ങൾ നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും നേതാക്കൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു