താനെ: മഹാരാഷ്ട്രയിൽ അധികാരം നഷ്ടപ്പെട്ട ശിവസേനയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. താനെ മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ഉദ്ധവ് താക്കറെ പക്ഷത്തിന് നഷ്ടമായി. 66 കൗൺസിലർമാർ ഏക്നാഥ് ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നു. ഒരാൾ മാത്രമാണ് ഉദ്ധവ് ക്യാമ്പിനൊപ്പമുള്ളത്. നിർണായകമായ ബ്രിഹന്മുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് താനെയിൽ ഉദ്ധവിന് തിരിച്ചടി നേരിടുന്നത്.

ബുധനാഴ്ച രാത്രി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മുൻ മേയർ നരേഷ് മഹ്സേക്കിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ വിമതർക്കൊപ്പം ചേർന്നത്. മഹാരാഷ്ട്രയിൽ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേഷനാണ് താനെ. ഏക്നാഥ് ഷിൻഡെയുടെ ശക്തി കേന്ദ്രമാണ് താനെ.

131 അംഗങ്ങളാണ് താനെ മുൻസിപ്പൽ കോർപ്പറേഷനുള്ളത്. ഇതിൽ 34 സീറ്റ് എൻസിപിയുടേതാണ്. ബിജെപിക്ക് 23, കോൺഗ്രസിന് മൂന്നും സീറ്റുകളാണുള്ളത്. ആകെ 67 പ്രതിനിധികളുള്ള താനെ മുനിസിപ്പൽ കോർപ്പറേഷനിൽ 66 പേരും ഷിൻഡെ പക്ഷത്തേക്ക് എത്തിച്ചേർന്ന സാഹചര്യത്തിൽ ടിഎംസിയുടെ നിയന്ത്രണം ഉദ്ധവിന് നഷ്ടപ്പെട്ടുവെന്ന് വ്യക്തമായിരിക്കുകയാണ്.

ബ്രിഹന്മുംബൈ കോർപ്പറേഷൻ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തദ്ദേശ ഭരണകേന്ദ്രമാണ് താനെ മുനിസിപ്പൽ കോർപ്പറേഷൻ. വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ സംഭവവികാസങ്ങൾ ഉദ്ധവിന്റെ പക്കലുള്ള ശേഷിക്കുന്ന പിടിവള്ളികളാണ് നഷ്ടപ്പെടുത്തുന്നത്.

ബിഎംസി തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിതമായ അനവധി രാഷ്ട്രീയ മാറ്റങ്ങളാണ് മഹാരാഷ്ട്രയിൽ അരങ്ങേറിയത്. ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ ഉദ്ധവ് സർക്കാർ നിലംപതിക്കുകയും ശിവസേന വിമത പക്ഷത്തെ കൂട്ടുപിടിച്ച് ബിജെപി പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ചുമതലയേറ്റിരുന്നു.