ലണ്ടൻ: ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകൻ ബ്രിട്ടന്റെ പ്രധാനമന്ത്രിയായേക്കും. ചതിയിൽ വീണു പുറത്തായ ബോറിസ് ജോൺസന് പിൻഗാമിയാകാൻ ഇന്ത്യൻ വംശജനായ ഋഷിസുനകിന് ബ്രിട്ടനിൽ കളം ഒരുങ്ങുന്നതായാണ് സൂചന. ഋഷി സുാക്ക് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്ന സൂചനയാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ബോറിസ് ജോൺസന്റെ പടിയിറക്കത്തിലേക്കു നയിച്ച രാജിപരമ്പരയ്ക്ക് തുടക്കമിട്ടത് ഋഷി സുനക്കായിരുന്നു. ബോറിസ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു ഋഷി സുനാക്കാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവച്ചത്. ഇതിന് പിന്നാലെ പത്തോളം മന്ത്രിമാർ രാജിവയ്ക്കുകയും അത് ബോറിസിന്റെ രാജിയിൽ കലാശിക്കുകയും ആയിരുന്നു.

എന്തായാലും ബോറിസ് ജോൺസൺ രാജിവെച്ചതോടെ പിൻഗാമിയായി ഋഷി വരുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ജനങ്ങൾക്ക് പ്രിയങ്കരനായ ഋഷി സുനാക്ക് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നാണ് റിപ്പോർട്ട്. വിജയിച്ചാൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും ഋഷി സുനാക്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനാകിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്.

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പാർട്ടിയുടെ നേതൃസ്ഥാനങ്ങളും ബോറിസ് രാജിവച്ചു. പുതിയ ഭരണാധികാരി വരുംവരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരും. പാക്കിസ്ഥാൻ വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവീദും ഋഷിക്കൊപ്പം രാജിവച്ചിരുന്നു. മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ലൈംഗികാരോപണ പരാതി ഉയർന്നതും ഇയാളെ തന്നെ സർക്കാരിലെ പ്രധാനസ്ഥാനത്തേക്കു പരിഗണിച്ചതും മന്ത്രിമാരുടെ അതൃപ്തിക്കു കാരണമായി. ബോറിസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഋഷി സുനാക്ക്. പത്തോളം മന്ത്രിമാർ ഇന്നു രാജിവച്ചതോടെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥാനമൊഴിഞ്ഞത്

കോവിഡ് പ്രതിസന്ധികാലത്ത് ബിസിനസുകാർക്കും തൊഴിലാളികൾക്കും വേണ്ടി ഋഷി നടപ്പാക്കിയ പദ്ധതികൾ അദ്ദേഹത്തിന്റെ ജനപിന്തുണ വർധിപ്പിച്ചു. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണ മൂർത്തിയുടെ മരുമകനായ സുനാക്കിന്റെ കുടുംബം പഞ്ചാബിൽനിന്ന് കുടിയേറിയവരാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ചാണ് ഋഷി മന്ത്രിസ്ഥാനം രാജിവച്ചത്.

ടോറി പാർട്ടി കോൺഫറൻസിനു മുൻപ് പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തിയേക്കും. ടോറികൾക്കു ഭൂരിപക്ഷമുള്ള ബ്രിട്ടനിൽ പുതിയ പ്രധാനമന്ത്രിയും ടോറി പാർട്ടിയിൽനിന്നുതന്നെയാകും. എന്തായാലും പ്രധാനമന്ത്രിക്ക് എതിരായ കലാപത്തിന് തുടക്കം കുറിച്ചത് ഋഷിയുടെ രാജിയോടെയാണ്. എന്തായാലും വീടിനു മുന്നിൽ തമ്പടിച്ച മാധ്യമ പ്രവർത്തകരെ ഋഷിയുടെ ഭാര്യ അക്ഷിതാ മൂർത്തി സൽക്കരിച്ചതടക്കം ഇപ്പോൾ വാർത്തയായി മാധ്യമങ്ങളിൽ നിറയുകയാണ്.

സർക്കാരിൽ നിന്നും രാജി വച്ചൊഴിഞ്ഞതിനുശേഷം ഋഷി സുനക് ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുമെന്ന് പ്രതീക്ഷിച്ച് അദ്ദേഹത്തിന്റെ ലണ്ടൻ വസതിക്ക് പുറത്ത് നിരവധി റിപ്പോർട്ടർമാരാണ് ക്യാമ്പ് ചെയ്തത്. ഈ സമയം മുൻ ചാൻസലറുടെ ഭാര്യ മാധ്യമ പ്രവർത്തകർക്കായി ലഘുഭക്ഷണം എടുക്കുവാൻ പോവുകയായിരുന്നു. ഒരു ഇന്ത്യൻ ശതകോടീശ്വരന്റെ മകളായ അക്ഷിത മൂർത്തി മാധ്യമപ്രവർത്തകർക്കായി ഒരു ട്രേയിൽ ചൂടു ചായയും കാപ്പിയും മഒരു പാത്രത്തിൽ കശുവണ്ടിയും ബിസ്‌ക്കറ്റും കൊണ്ടുപോകുന്നതാണ് വാർത്തയായി പുറത്തു വന്നിരിക്കുന്നത്.

മുൻപ് 2018ൽ ഓക്സ്ഫോർഡ് ഷെയറിലെ വീടിനു പുറത്ത് തമ്പടിച്ച മാധ്യമ പ്രവർത്തകർക്ക് ബോറിസ് ജോൺസണും ചായയും പലഹാരങ്ങളും വിതരണം ചെയ്തിരുന്നു. ബുർക്ക ധരിച്ച മുസ്ലിം സ്ത്രീകളെ ലെറ്റർ ബോക്സുകളുമായും ബാങ്ക് കൊള്ളക്കാരുമായും താരതമ്യപ്പെടുത്തി ജോൺസൺ വിവാദം നേരിടുന്നതിനിടെയായിരുന്നു അത്. മേരി ആർച്ചറും തന്റെ ഭർത്താവ് സർ ജെഫ്രി ആർച്ചർ നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്നതിനിടെ കേംബ്രിഡ്ജ്ഷെയറിലെ തന്റെ വീടിന് പുറത്ത് ഒത്തുകൂടിയ മാധ്യമ പ്രവർത്തകർക്ക് ചായ കൊണ്ടുവന്ന് പ്രശസ്തയായിരുന്നു.

അതേസമയം, അക്ഷിതാ മൂർത്തിയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉയർന്നു വന്ന നോൺ-ഡോം ടാക്സ് പദവിയെച്ചൊല്ലിയുള്ള തർക്കം, ബോറിസ് ജോൺസനു പകരം പ്രധാനമന്ത്രി പദത്തിലേറാനുള്ള ഋഷി സുനകിന്റെ പ്രതീക്ഷകളെ മാരകമായി തകർത്തതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ സാജിദ് ജാവിദ് ആരോഗ്യ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെ മിനിറ്റുകൾക്കുള്ളിൽ സുനക് ക്യാബിനറ്റിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനം എടുത്തത് ചില ടോറി എംപിമാർക്കിടയിൽ പ്രതീക്ഷകൾ വളർത്താൻ ഋഷി സുനകിനെ സഹായിച്ചിരിക്കാം എന്നാണ് കരുതുന്നത്.