- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പ്യൻ ആകാശ് എസ്. മാധവന് മനം പോലെ മാംഗല്യം; പൊക്കമില്ലായ്മയിൽ നിന്നും ജീവിത്തിന്റെ ഉയരങ്ങൾ കീഴടക്കിയ ആകാശിന് ജീവിത സഖിയാകുന്നത് ഇന്തോനേഷ്യക്കാരി ദേവി സിതി സെന്ദരി
മേലാറ്റൂർ: ഒളിമ്പ്യൻ ആകാശ് എസ്. മാധവന് (32) മനംപോലെ മാംഗല്യം. ഇൻഡൊനീഷ്യക്കാരി ദേവി സിതി സെന്ദരി (26)യാണ് ആകാശിന്റെ മനം കവർന്നത്. ആകാശിന്റെയും സെന്ദിരിയുടേയും വിവാഹം വെള്ളിയാഴ്ച നടക്കും. ആകാശിന്റെ സുഹൃത്ത് വഴിയാണ് സെന്ദിരിയെ പരിചയപ്പെടുന്നത്. സോഷ്യൽ മീഡിയ വഴി ഇരുവരും സൗഹൃദം പുതുക്കുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ അങ്ങാടിപ്പുറം തീരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് ആകാശിന്റെയും സെന്ദരിയുടേയും വിവാഹം. തുടർന്ന് മേലാറ്റൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരം.
പൊക്കം കുറഞ്ഞവരുടെ ഒളിമ്പിക്സിൽ 2013, 2017 വർഷങ്ങളിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടിയ ആകാശ് മാധവന്റെ കൂട്ടുകാരിയായിരുന്ന മെറിന്റെ സുഹൃത്താണ് സെന്ദരി. ഒരു കായികമത്സരത്തിനിടെ മെറിൻ വഴിയാണ് സെന്ദരിയെ ആകാശ് പരിചയപ്പെട്ടത്. പിന്നീട് നവമാധ്യമം വഴി ഇവർ കൂടുതലടുക്കുകയും പ്രണയത്തിലാവുകയുമായിരുന്നു. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിക്കുക ആയിരുന്നു.
ഇൻഡൊനീഷ്യയിലെ ജക്കാർത്തയ്ക്കടുത്ത് സുരഭയ എന്ന സ്ഥലത്താണ് ദേവിയുടെ വീട്. സുഹർടോയോ-സിതി സരഹ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. വ്യാഹു, ദിവി എന്നിവർ സഹോദരങ്ങളാണ്. മേലാറ്റൂർ ഇടത്തളമഠത്തിൽ സേതുമാധവൻ - ഗീത ദമ്പതികളുടെ മകനാണ് ആകാശ് എസ്. മാധവൻ. ഇൻഡൊനീഷ്യയിൽ ഒരു നിർമ്മാണക്കമ്പനിയിൽ അക്കൗണ്ടന്റാണ് സെന്ദരി.
ആകാശിന് പെരിന്തൽമണ്ണയിൽ ആയുർവേദിക്, സൗന്ദര്യവത്കരണഉത്പന്നങ്ങളുടെ കച്ചവടമാണ്. ബിജെപി.യുടെ മലപ്പുറം ജില്ലാ സ്പോർട്‌സ് സെൽ കൺവീനർ കൂടിയാണ് ആകാശ് മാധവൻ. 2013-ൽ അമേരിക്കയിൽ നടന്ന ഡ്വാർഫ് ഒളിമ്പിക്സിൽ ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്‌കസ് ത്രോയിൽ വെങ്കലവും നേടി കൊണ്ടാണ് ആകാശ് താരമായത്. പിന്നാലെ 2017-ൽ കാനഡയിൽ നടന്ന ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യക്കുവേണ്ടി വെങ്കലവും സ്വന്തമാക്കി. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ