- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോൺ നിയമസഭാപ്രമേയം രാഷ്ട്രീയ നാടകം;വേണ്ടത് നിയമനിർമ്മാണം: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: ബഫർസോണിന്റെ പേരിലുള്ള നിയമസഭാപ്രമേയം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്നും നീതിന്യായകോടതികൾ മുഖവിലയ്ക്കെടുക്കുന്നത് പ്രമേയമല്ല നിയമങ്ങളാണെന്നും കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
പ്രമേയാവതരണമല്ല മറിച്ച് നിയമനിർമ്മാണമാണ് നിയമസഭയുടെ ഉത്തരവാദിത്വം. 2019 ഒക്ടോബറിലെ ബഫർസോൺ ഒരു കിലോമീറ്ററെന്ന മന്ത്രിസഭാതീരുമാനവും അതിനെത്തുടർന്നുള്ള വനംവകുപ്പിന്റെ ഉത്തരവുകളും റദ്ദ്ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാകാതെ കേന്ദ്രത്തെമാത്രം പഴിചാരി ഒളിച്ചോടുന്നത് ശരിയല്ല. ബഫർസോണിന്റെ പേരിൽ ജനങ്ങളെയിന്ന് വെല്ലുവിളിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും ഇച്ഛാശക്തിയില്ലാത്ത ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമാണ്. ബഫർസോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തി നിയമനിർമ്മാണ ഭേദഗതിയുണ്ടാകുന്നില്ലെങ്കിൽ സുപ്രീം കോടതി വിധിയെത്തുടർന്ന് കൊച്ചിയിലെ മരടിൽ നടന്ന പൊളിച്ചടുക്കൽ മലയോരങ്ങളിൽ ആവർത്തിക്കപ്പെടും. ജനങ്ങളെ തെരുവിലേയ്ക്ക് തള്ളിവിടുന്ന ക്രൂരതയ്ക്ക് സർക്കാർ സംവിധാനങ്ങൾതന്നെയാണ് കൂട്ടുനിൽക്കുന്നത്. വനാതിർത്തിയിലെ കർഷകഭൂമിയുൾക്കൊള്ളുന്ന റവന്യൂ രേഖകളിൽപോലും വൻ തിരുത്തലുകൾ വന്നിട്ടുള്ളതായും സംശയിക്കപ്പെടുന്നു.
കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി നിശ്ചയിച്ച് കേന്ദ്രസർക്കാരിന് സമർപ്പിച്ചത് സംസ്ഥാന സർക്കാരാണ്. ഇക്കാര്യത്തിൽ അന്തിമവിജ്ഞാപനമിറക്കിയിട്ടില്ലാത്തപ്പോൾ അതിർത്തികൾ പുനർനിർണ്ണയിക്കുവാനും സംസ്ഥാന വനംവകുപ്പിനാകും. വന്യജീവി സങ്കേതങ്ങൾ വനത്തിനുള്ളിലായിരിക്കുമ്പോൾ അതിന്റെ ബഫർസോണുകൾ വനാതിർത്തിവരെയെന്ന് സംസ്ഥാനത്തിനു നിശ്ചയിക്കാമെന്നിരിക്കെ ജനങ്ങളെ വിഢികളാക്കാൻ ശ്രമിക്കുന്നത് വിലപ്പോവില്ല. റവന്യൂ ഭൂമി കൈയേറി വനവൽക്കരണം നടത്തുവാൻ വനംവകുപ്പിന് അധികാരമില്ലെന്നിരിക്കെ ഉദ്യോഗസ്ഥ തട്ടിപ്പിനുമുമ്പിൽ ജനപ്രതിനിധികൾ അടിമകളാകുന്നത് അപമാനകരമാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.