- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിയതയിൽ അധിഷ്ഠിതമായ സാമൂഹ്യ ഘടനയെ പരിവർത്തിപ്പിക്കുകയാണ് സംഘ് വംശീയ രാഷ്ട്രീയത്തിനെതിരായ പ്രതിരോധം: ഡോ. എസ്.ക്യൂ. ആർ ഇല്യാസ്
തിരുവനന്തപുരം: ജാതിയതയിൽ അധിഷ്ഠിതമായ സാമൂഹ്യ ഘടനയെ പരിവർത്തിപ്പിക്കുകയാണ് സംഘ് വംശീയ രാഷ്ട്രീയത്തിനെതിരായ പ്രതിരോധമെന്ന് വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു. 'വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി നടത്തുന്ന അംഗത്വ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ഗാന്ധിപാർക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ജനവിഭാഗങ്ങളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യത്തെ ഏകാധിപത്യത്തിലൂടെ ഇല്ലാതാക്കാനാണ് ആർഎസ്എസ് നേതൃത്വം നൽകുന്ന കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ വ്യത്യസ്ത സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി രാജ്യത്തെ സാമൂഹിക പ്രവർത്തകരെയും സംഘടനാ നേതാക്കളെയും വേട്ടയാടാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. സംഘ്പരിവാർ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ധ്രുവീകരണ പ്രവർത്തനങ്ങളും ആൾക്കൂട്ട കൊലകളും രാജ്യത്ത് അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തി അധികാരം നേടുകയും തുടർന്ന് സമ്പൂർണ്ണമായ ഭരണഘടന അട്ടിമറി നടത്തുകയുമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്ന നയം.
യുപിയിൽ വെൽഫെയർ പാർട്ടിയുടെ ദേശീയ പ്രവർത്തക സമിതി അംഗം ജാവേദ് മുഹമ്മദിന്റെ വീട് ബുൾഡോസർ രാജിലൂടെ തകർത്തത് ഇന്ത്യൻ വ്യവസ്ഥയെ നോക്കുകുത്തിയാക്കി കൊണ്ടാണ്. മോദിയുടെ നേതൃത്വത്തിൽ നടന്ന ഗുജറാത്ത് വംശഹത്യ ഇന്ത്യയിൽ തുടർന്നും അനുവദനീയമാണ് എന്നാണ് കോടതികൾ വിധിക്കുന്നത്. നീതി തേടിയുള്ള പോരാട്ടങ്ങൾ ജനാധിപത്യ രാജ്യത്ത് കുറ്റകരമായാണ് ഇന്ത്യൻ പരമോന്നത കോടതി പോലും വിലയിരുത്തുന്നത്. സഞ്ജീവ് ഭട്ടും ടീസ്റ്റ സെറ്റൽവാദും ആർ.ബി ശ്രീകുമാറും ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതീക്ഷയർപ്പിച്ച് അനീതിക്കെതിരെ നിലകൊണ്ടവരാണ്.
ആർഎസ്എസ് അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് യുവാക്കളുടെ നിത്യജീവിതത്തിൽ സംഭവിച്ചിട്ടുള്ള അരക്ഷിതാവസ്ഥയെ കൂടുതൽ വൈകാരികമായി നിലനിർത്താനാണ് അഗ്‌നിപഥ് പോലുള്ള പദ്ധതികളിലൂടെ സർക്കാർ ശ്രമിക്കുന്നത്. രാജ്യത്ത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്ന ബില്ലുകൾ പോലും പാർലമെന്റിൽ ചർച്ച ചെയ്യാനോ ജനങ്ങളെ ബോധ്യപ്പെടുത്താനോ സർക്കാർ ശ്രമിക്കുന്നില്ല. പൗരത്വ പ്രക്ഷോഭവും കർഷകരുടെ സമരവും പ്രവാചകനിന്ദക്കെതിരെ നടന്ന പോരാട്ടവും ഏകാധിപത്യ ഭരണകൂടത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധം കൂടിയാണ്. ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവം തികച്ചും അപലപനീയമാണ്. എന്നാൽ പ്രസ്തുത കൊലപാതകത്തെ ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭീകരരെ ജനാധിപത്യ സമൂഹം തിരിച്ചറിയണം. രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ഭരണകൂട വേട്ടയ്‌ക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി പിഷാരടി, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് നജ്ദ റൈഹാൻ, എഫ്‌ഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് മോഹൻ സി മാവേലിക്കര തുടങ്ങിയവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് എൻ. എം അൻസാരി നന്ദി പറഞ്ഞു.