- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പീഡിപ്പിച്ചവരുടെ കഥകൾ എണ്ണിപ്പറഞ്ഞ് സോളാർ വിവാദ നായിക; മൊഴി എഴുതി കൈ കുഴഞ്ഞു; നാലര മണിക്കൂർ മൊഴി കേരളത്തിൽ ഭൂകമ്പമുണ്ടാക്കും; രാഷ്ട്രീയ ഉന്നതരെ ഉന്നമിട്ട് രഹസ്യമൊഴി; കേസിലെ സിബിഐ അന്വേഷണം തുറുപ്പുചീട്ടാക്കാൻ കേന്ദ്രസർക്കാരും
തിരുവനന്തപുരം : സോളാർ വിവാദ നായികയുടെ രഹസ്യമൊഴി ബോംബായി പൊട്ടിത്തെറിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ദേശീയ രാഷ്ട്രീയത്തിലെ ഉന്നതനായ കോൺഗ്രസ് നേതാവും കേരളത്തിലെ അത്യുന്നത കോൺഗ്രസ് നേതാക്കളും രണ്ട് കോൺഗ്രസ് എംപിമാരും പ്രതിസ്ഥാനത്തുള്ള സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം കടുപ്പിക്കുകയാണ്. പരാതിക്കാരിയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ കഴിഞ്ഞദിവസം രേഖപ്പെടുത്തി. നാലര മണിക്കൂറെടുത്ത് വിശദമായാണ് പരാതിക്കാരി രഹസ്യമൊഴി നൽകിയത്. മജിസ്‌ട്രേറ്റ് നേരിട്ടാണ് മൊഴി എഴുതിയെടുത്തത്. മൊഴി എഴുതി മജിസ്‌ട്രേറ്റിന്റെ കൈ കുഴഞ്ഞതായാണ് സ്റ്റാഫ് പറഞ്ഞത്.
സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം കടുപ്പിച്ച സിബിഐ, എംഎൽഎ ഹോസ്റ്റലിലും ആലപ്പുഴ ഗസ്റ്റ് ഹൗസിലും കേരളഹൗസിലും ക്ലിഫ്ഹൗസിലും തെളിവെടുപ്പ് നടത്തി സീൻ മഹസർ തയ്യാറാക്കി. കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പ്രതിസ്ഥാനത്തുള്ള കേസിലെ സിബിഐ അന്വേഷണം കേന്ദ്രസർക്കാർ തുറുപ്പുചീട്ടാക്കുമെന്ന് ഉറപ്പാണ്. കെ.സി.വേണുഗോപാൽ, എംപിമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, മുന്മന്ത്രിയും എംഎൽഎയുമായ എ.പി.അനിൽകുമാർ, ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കിയാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ആറ് എഫ്.ഐ.ആറുകൾ സിബിഐ അഡി.സൂപ്രണ്ട് സി.ബി.രാമദേവൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കെ.സി. വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഉമ്മൻ ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയത്. ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, അടൂർ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യൽ എന്നിവയാണ് ചുമത്തിയത്. അബ്ദുള്ള കുട്ടിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി ശല്യം ചെയ്യൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണുള്ളത്. പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തുവർഷം കഠിനതടവും പിഴയും ആവർത്തിച്ചാൽ ഇരുപതുവർഷം തടവുമാണ് ശിക്ഷ. ലൈംഗിക പീഡനം ജീവപര്യന്തമോ പത്തുവർഷം കഠിനതടവോ പിഴയോ കിട്ടാവുന്ന കുറ്റമാണ്. സ്ത്രീത്വത്തെ അപമാനിക്കലിന് അഞ്ചു വർഷം വരെ കഠിന തടവും പിഴയുമാണ് ശിക്ഷ. ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്യുന്നതിന് മൂന്ന് വർഷം വരെ തടവാണ് ശിക്ഷ. രണ്ടുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് വധഭീഷണി മുഴക്കൽ. വഞ്ചനാക്കുറ്റത്തിന് ഏഴ് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ.
സോളാർ പീഡനക്കേസിൽ ശക്തമായ സാഹചര്യ-ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി മുന്നോട്ടുപോവാനാണ് സിബിഐയുടെ തീരുമാനം. പത്തുവർഷം മുൻപുള്ള സംഭവത്തിൽ തെളിവുകൾ കണ്ടെടുക്കുക ശ്രമകരമാണ്. പരാതിക്കാരി ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളാവും നിർണായകമാവുക. 2012 മേയിൽ അന്ന് മന്ത്രിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി അനിൽകുമാറിനെ കാണാനെത്തിയപ്പോൾ ദുരനുഭവമുണ്ടായെന്നും മന്ത്‌റി മന്ദിരത്തിൽനിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്പോൾ ഡ്രൈവർ മൊബൈലിൽ എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങൾ പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്. പിന്നീട് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും പീഡനസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധനയും കേസിൽ നിർണായകമാണ്.
സംസ്ഥാന സർക്കാർ പലവട്ടം ആവശ്യപ്പെട്ടിട്ടും നിരവധി കേസുകൾ ഏറ്റെടുക്കാതിരുന്ന സിബിഐ, കോൺഗ്രസ് നേതാക്കളുൾപ്പെട്ട കേസായതിനാലാണ് സംസ്ഥാനം ആവശ്യപ്പെട്ട് ആറുമാസംകൊണ്ട് സിബിഐ ഏറ്റെടുത്തതെന്ന ആക്ഷേപമുയരുന്നുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധത്തിന്റെയും കെ.ടി. ജയകൃഷ്ണൻ വധത്തിന്റെയും പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാൻ യു.ഡി.എഫ് സർക്കാർ സിബിഐയോട് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചിരുന്നു. കഴിഞ്ഞ സർക്കാർ ടൈറ്റാനിയം കേസ് സിബിഐക്കു വിട്ടെങ്കിലും ഏറ്റെടുത്തില്ല. ജോലിഭാരം കൂടുതലാണെന്നായിരുന്നു തിരിച്ച് അറിയിച്ചത്. സോളാർ വിവാദനായികയുടെ പീഡന പരാതിയിലെടുത്ത കേസുകൾ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലിരിക്കെ, പരാതിക്കാരിയുടെ ആവശ്യപ്രകാരം സർക്കാർ സിബിഐയ്ക്ക് കൈമാറുകയായിരുന്നു. നിലവിലെ പൊലീസ് മേധാവി അനിൽകാന്തും ഡിജിപിയായിരുന്ന രാജേഷ് ദിവാനും ഐ.ജി ദിനേന്ദ്രകശ്യപും കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുന്നയിച്ചിരുന്നു.