- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയകേന്ദ്രങ്ങൾക്കും ബാലഭവനങ്ങൾക്കും പൊതുവിതരണവകുപ്പ് സൗജന്യമായി നൽകിയിരുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം നിർത്തിയത് കേന്ദ്രത്തെ കുറ്റപ്പെടുത്തി; ആശങ്കയിലായത് ആയിരക്കണക്കിന് പാവങ്ങൾ; തലശ്ശേരിയിൽ പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്; പാവങ്ങളുടെ അന്നം മുട്ടിക്കാനുള്ള തീരുമാനം പിണറായി പിൻവലിക്കുമോ?
പിലാത്തറ: അഭയകേന്ദ്രങ്ങൾക്കും ബാലഭവനങ്ങൾക്കും പൊതുവിതരണവകുപ്പ് സൗജന്യമായി നൽകിയിരുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം നിർത്താനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധം ശക്തം. ഇതിനെതിരെ ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ എല്ലാ യൂണിറ്റുകളിലും വായ മൂടിക്കെട്ടി ധർണ നടത്തും. കത്തോലിക്ക കോൺഗ്രസ് അതിരൂപത അടിയന്തര പ്രവർത്തക കൺവെൻഷൻ യോഗത്തിന്റേതാണ് തീരുമാനം. ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനംചെയ്തു. അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷതവഹിച്ചു.
പ്രതിഷേധം ശക്തമാണെങ്കിലും മുഖ്യധാരാ പാർട്ടികൾ ഈ വിഷയം ഏറ്റെടുക്കുന്നില്ല. അതിനിടെയാണ് കത്തോലിക്കാ കോൺഗ്രസ് വിഷയം ഏറ്റെടുക്കുന്നത്. ബേബി നെട്ടനാനി, ബെന്നി പുതിയാമ്പുറം, ഫിലിപ്പ് വെളിയത്ത്, ചാക്കോച്ചൻ കാരാമയിൽ, ജോർജ് വടകര, പീയൂസ് പറയിടം, അഡ്വ. ബിനോയ് തോമസ്, ഡേവിസ് ആലങ്ങാടൻ, വർഗീസ് പള്ളിച്ചിറ, സിജോ അമ്പാട്ട് എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ടിൽ അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ രൂപതാതല ഉദ്ഘാടനം നിർവഹിക്കും. സർക്കാർ തീരുമാനം പിൻവലിക്കും വരെ കത്തോലിക്കാ കോൺഗ്രസ് നിരന്തരസമരം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വൃദ്ധസദനങ്ങളടക്കമുള്ള അഗതി കേന്ദ്രങ്ങളിലേക്ക് സൗജന്യ നിരക്കിൽ നൽകി വന്നിരുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം മോദി സർക്കാർ നിർത്തുകയാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും മൗനത്തിലാണ്. പാവങ്ങളുടെ ഭക്ഷണം നിർത്തലാക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ്. എന്നാൽ പാവങ്ങളുടെ പ്രശ്നത്തിൽ പ്രതിഷേധത്തിനോ സമരത്തിനോ മുഖ്യധാര രാഷ്ട്രീയ കക്ഷികളും തയ്യാറല്ല. ഒരു മണ്ഡലത്തിലും ഇവർ വോട്ട് ബാങ്ക് അല്ലാത്തതാണ് ഇതിന് കാരണം.
കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനം അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. അഭയ ഭവനുകളിലേക്കും ബാലഭവനുകളിലേക്കും പൊതുവിതരണ വകുപ്പ് സൗജന്യ നിരക്കിൽ നൽകിയിരുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം ഭക്ഷ്യസാമഗ്രികൾ സ്റ്റോക്കില്ലെന്ന കാരണം പറഞ്ഞാണ് നിർത്തലാക്കിയത്. വെൽഫെയർ സ്‌കീമിൽ പെടുത്തി കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളായിരുന്നു ഇവ. വെൽഫർ സ്‌കീം കേന്ദ്രം നിർത്തി. അതുകൊണ്ട് തന്നെ സംസ്ഥാനവും നൽകുന്നില്ല. കേന്ദ്ര നൽകിയില്ലെങ്കിലും പാവങ്ങളെ സഹായിക്കേണ്ട ബാധ്യത കേരള സർക്കാരിനുണ്ടെന്നാണ് പ്രതിഷേധമുയർത്തുന്നവർ പറയുന്നത്.
സംസ്ഥാന റേഷൻ വകുപ്പിലൂടെയാണ് സൗജന്യ നിരക്കിൽ ഭഷ്യ വസ്തുക്കൾ നൽകിയിരുന്നത്. സ്‌കീം പ്രകാരം വിതരണത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ സ്റ്റോക്കില്ലെന്നു കാട്ടി പൊതു വിതരണ ഉപഭോക്തൃ കാര്യാലയത്തിൽ നിന്നു ജില്ലാ സപ്ലൈ ഓഫിസർമാർക്കാണ് അറിയിപ്പു ലഭിച്ചത്. തുടർന്ന്, റേഷൻ കട അധികൃതർ ഓർഫനേജ് കൺട്രോൾ ബോർഡിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
സൗജന്യനിരക്കിൽ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്ന ഏകദേശം 1800 സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ബാലഭവനുകൾ, അഭയഭവനുകൾ, ഭിന്നശേഷിക്കാരുടെ താമസ കേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിവിടങ്ങളിൽ കഴിയുന്ന ഒരു ലക്ഷത്തോളം പേരുടെ അന്നമാണ് ഇതുവഴി മുടങ്ങുന്നത്. പല സ്ഥാപനങ്ങളും ഈ സഹായത്തിലാണ് പിടിച്ചു നിന്നത്. മുമ്പോട്ട് പോകാൻ പ്രയാസപ്പെടുന്ന പല സ്ഥാപനങ്ങളും അതുകൊണ്ട് തന്നെ പ്രതിസന്ധിയിലേക്ക് പോകും.
ഒരു അന്തേവാസിക്ക് ഒരു മാസം 10.5 കിലോഗ്രാം അരി, നാലര കിലോഗ്രാം ഗോതമ്പ് എന്നിവയാണ് കിട്ടിക്കൊണ്ടിരുന്നത്. അരിക്ക് കിലോയ്ക്ക് 5.65 രൂപയും ഗോതമ്പിന് 4.15 രൂപയുമാണ് ഈടാക്കിയിരുന്നത്. വിപണയിൽ അരിക്ക് കിലോ 40 രൂപയ്ക്ക് അടുത്തുണ്ട്. അതുകൊണ്ട് തന്നെ സ്‌കീം നിർത്തലാക്കിയത് വലിയ വരുമാനമില്ലാത്ത അഗതി മന്ദിരങ്ങളെ ബാധിക്കും.
മറുനാടന് മലയാളി ബ്യൂറോ