പാലാ: യു എൻ ബാലവകാശ സമ്മേളനത്തിൽ ആമുഖംപ്രസംഗം നടത്തി ശ്രദ്ധേയയായ എയ് മിലിൻ റോസ് തോമസിനെ പാലാ അൽഫോൻസാ കോളേജ് ആദരിച്ചു.

ചടങ്ങിൽ പാലാ രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി, മാണി സി കാപ്പൻ എം എൽ എ, കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. റെജിനാമ്മ ജോസഫ്, കോളജ് ബർസാർ റവ ഡോ ജോസ് ജോസഫ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ഇംഗ്ലീഷ് വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ ആഷ്‌ലി തോമസ് വിദ്യാർത്ഥി പ്രതിനിധി ആൻ മരിയ ജോസ്, കോളേജ് ചെയർപേഴ്‌സൺ ഗീതിക എസ്. എന്നിവർ പ്രസംഗിച്ചു. അൽഫോൻസാ കോളേജിലെ മുൻ സ്റ്റാഫ് എ ജെ ജോസെഫ് ആവിമൂട്ടിലിന്റെ കൊച്ചു മകളാണ് എയ്മിലിൻ.

ക്ഷീര കർഷക സബ്‌സിഡി വെട്ടിക്കുറച്ച നടപടി പിൻവലിക്കണം: മാണി സി കാപ്പൻ

പാലാ: ക്ഷീര കർഷകർക്കു നൽകി വന്നിരുന്ന സബ്‌സിഡി വെട്ടിക്കുറച്ച നടപടി സർക്കാർ പിൻവലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ പദ്ധതി കാലത്ത് ക്ഷീര കർഷകർക്കു ലിറ്ററിന് നാലു രൂപ പഞ്ചായത്തു വഴി ലഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ മൂന്നു രൂപയായി കുറച്ചത്. കർഷകരെ ദുരിതത്തിലാക്കുന്ന നടപടിയാണിത്. കാലിത്തീറ്റ വില വർദ്ധനവ്, കറന്റ് ചാർജ് വർദ്ധനവ്, ജീവിത ചെലവുകളുടെ വർദ്ധനവ് തുടങ്ങിയവ മൂലം കഷ്ടത്തിലായ കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന നടപടിയാണ് സബ്‌സിഡി വെട്ടിക്കുറയ്ക്കലെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ഇത്തരം പ്രതികൂല സാഹചര്യത്തിൽ കർഷകർ ഈ മേഖലയിൽ നിന്നും പിന്മാറാൻ കാരണമാകും. ഇത് പാൽക്ഷാമത്തിന് ഇടയാക്കും. പാൽ വില വർദ്ധിപ്പിക്കാതെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുമെന്നു സർക്കാർ പറഞ്ഞതായി കർഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സബ്‌സിഡി വെട്ടിക്കുറച്ച നടപടി മുൻകാല പ്രാബല്യത്തിൽ റദ്ദാക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും മാണി സി കാപ്പൻ പറഞ്ഞു.