കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും മൂലം താറുമാറായ ശ്രീലങ്കയിൽ ആഭ്യന്തര കലാപം മൂർച്ഛിച്ചതോടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം തുടർന്ന് നേതാക്കൾ. നിൽക്കക്കള്ളിയില്ലാതെ, പ്രസിഡന്റ് ഗൊതാബയ രജപക്സെയും രാജി പ്രഖ്യാപിച്ചു. ബുധനാഴ്ച രാജിവയ്ക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സ്പീക്കർ മഹിന്ദ യാപ അബേവർധന അറിയിച്ചു.

അതേസമയം, പ്രക്ഷോഭകാരികൾ കൊളംബോയുടെ തെരുവുകളിൽ തന്നെ തുടരുകയാണ്. രാജിവെച്ച പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ മുന്നിൽ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. ജനങ്ങൾ സംയമനം പാലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉൾപ്പെടെ പ്രക്ഷോഭകർ കയ്യടക്കിയതോടെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായി. പ്രശ്‌ന പരിഹാരത്തിനായി ശനിയാഴ്ച സ്പീക്കർ മഹീന്ദ യപ അഭയ്വർധനയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം നാല് സുപ്രധാന തീരുമാനങ്ങൾ കൈകൊണ്ടതായാണ് യോഗത്തിൽ പങ്കെടുത്ത പാർലമെന്റ് അംഗം ദുല്ലാസ് അലഹാപെരുമ ട്വീറ്റ് ചെയ്തത്.

ഗോതബായ രാജിവച്ച് സ്പീക്കർ യപ അഭയ്വർധന താൽകാലിക പ്രസിഡന്റാകണമെന്നാണ് സർവകക്ഷി യോഗത്തിലെ തീരുമാനം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഒരാഴ്ചയ്ക്കകം പാർലമെന്റ് വിളിച്ചുചേർക്കണം. അതേ ആഴ്ചയിൽതന്നെ എല്ലാ പാർട്ടികളെയും പ്രതിനിധീകരിച്ച് ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കണമെന്നും യോഗത്തിൽ തീരുമാനമായി. പ്രസിഡന്റ് ഗോതബായ കൂടി രാജിവയ്ക്കുന്നതോടെ ഇതിനുള്ള മറ്റുനടപടിക്രമങ്ങളിലേക്ക് ലങ്കൻ ഭരണകൂടം കടക്കും.

പ്രസിഡന്റ് ഗോതബായ രാജപക്‌സെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും ഉടൻ രാജിവെയ്ക്കണമെന്ന തീരുമാനമാണ് സർവകക്ഷി യോഗത്തിൽ ആദ്യമുണ്ടായത്. ഇതിന് പിന്നാലെ യോഗ തീരുമാനം മാനിച്ച് സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്തും റനിൽ വിക്രമസിംഗെ പ്രധാനമന്ത്രി പദം രാജിവച്ചിരുന്നു. 

പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പതിനായിരക്കണക്കിന് ജനങ്ങളാണ് ശനിയാഴ്ച പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലുമാണ് പ്രക്ഷോഭകർ കൊളംബോയിലേക്ക് എത്തിയത്. നഗരം പൂർണമായും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. കൂടുതൽ പ്രക്ഷോഭകർ കൊളേമ്പോയിലേക്ക് ഒഴുകിയെത്തുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായ സർവ്വകക്ഷി യോഗം ചേർന്ന് സർക്കാർ നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടത്.

അതേ സമയം തലസ്ഥാന നഗരത്തിൽ കടുത്ത പ്രക്ഷോഭങ്ങൾ തുടരുന്നു. പ്രതിഷേധം ഇരമ്പിയതോടെ കടൽമാർഗം രക്ഷപ്പെടാൻ ശ്രമിച്ച പ്രസിഡന്റ് ഗോതബായ രജപക്സെ ഇപ്പോഴും നടുക്കടലിൽ തുടരുകയാണെന്നാണ് വിവരം.

ദ്വീപ് രാഷ്ട്രത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അപലപിച്ച് ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനത്ത് തെരുവിലിറങ്ങിയത്.പൊതുജനം അക്രമാസക്തരായതോടെ പ്രധാനമന്ത്രി രാജി പ്രഖ്യാപനം നടത്തുകയായിരുന്നു. രാജി സമർപ്പിച്ച് സർവകക്ഷി സർക്കാരിനായി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ആവശ്യവസ്തുക്കളായ മരുന്നും പെട്രോളും വൈദ്യുതിയും ഭക്ഷണവും വരെ കടമെടുത്തായിരുന്നു രാജ്യം മുന്നോട്ട് പോയിരുന്നത്. ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങൾ നടത്താത്തതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. സർക്കാരിന്റെ മെല്ലെപ്പോക്കും ആസൂത്രണമില്ലായ്മയും ജനങ്ങൾ തെരുവിലിറങ്ങുന്നതിന് കാരണമായി.

ആഭ്യന്തര കലാപം നടക്കുന്ന ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. തമിഴ്‌നാട് ക്യു ബ്രാഞ്ച് ആണ് ഇതു സംബന്ധിച്ച് തമിഴ്‌നാടിനും കേരളത്തിനും റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും അഭയാർത്ഥികൾ വരുംദിവസങ്ങളിൽ കേരള, തമിഴ്‌നാട് തീരങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. രാമേശ്വരം അടക്കമുള്ള തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കുമോ എന്നതിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ല. നിലലിൽ ചെറിയ തോതിൽ ശ്രീലങ്കൻ അഭയാർത്ഥികൾ രാമേശ്വരം തീരത്ത് എത്തുന്നുണ്ട്. മൂന്നാഴ്ച മുൻപ് എത്തിയ ഏഴുപേരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.