തിരുവനന്തപുരം: ആഴിമലയിൽ പെൺസുഹൃത്തിനെ കാണാൻ വന്ന നരുവാമൂട് സ്വദേശി കിരണിന്റെ തിരോധനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട വിഴിഞ്ഞം ആഴിമലയിലെ പെൺകുട്ടിയെ കാണാനാണ് ഇന്നലെ ഉച്ചയോടെ കിരണും മറ്റ് രണ്ടു സുഹൃത്തുക്കളും എത്തിയത്. പെൺകുട്ടിയുടെ വീടിന് മുന്നിൽ പോയ ശേഷം മടങ്ങി പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ വാഹനത്തിലേക്ക് പിടിച്ചു കയറ്റിയതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു.

കിരണുമായി ബൈക്ക് ആഴിമല ഭാഗത്തേക്കാണ് പോയത്. കാർ ആഴിമലയിലെത്തിയപ്പോൾ കിരൺ ഉണ്ടായിരുന്നില്ല. ബൈക്കിൽ നിന്നും ഇറങ്ങിയോടിയെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞതായി കിരണിനൊപ്പമുണ്ടായിരുന്ന മെൽവിൻ പറഞ്ഞു. കിരണിന്റെ ഫോണിലേക്ക് വിളിച്ചുവെങ്കിലും കിട്ടിയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. കിരണിനെയും സുഹൃത്തുക്കളെയും വാഹനത്തിൽ കയറ്റികൊണ്ടുപോയവർ ഒളിവിലാണ്. വാഹനങ്ങൾ വിഴിഞ്ഞം പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

യുവാവ് കടലിൽ വീണെന്നാണു സംശയം. ഉച്ചക്കുശേഷം ഒരാൾ കടലിൽ വീണുവെന്ന വിവരം ലഭിച്ച വിഴിഞ്ഞം പൊലീസ് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ തെരച്ചിൽ നടത്തി. ഞായറാഴ്ച രാവിലെ വീണ്ടും നടത്തിയ തിരച്ചിലിൽ തീരത്തുനിന്ന് കണ്ടെത്തിയ ചെരിപ്പ് കിരണിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കോസ്റ്റൽ പൊലീസ് കടലിൽ തിരച്ചിൽ തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ഒരാൾ കടലിൽ വീണതായി സംശയമുണ്ടെന്ന് ആഴിമല ക്ഷേത്ര പരിസരത്തുള്ളവർ പൊലീസിനു വിവരം നൽകിയത്. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് സുഹൃത്തുക്കളും മറ്റുമാണ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്.

പെൺസുഹൃത്തിനെ കാണാനാണ് കിരൺ ആഴിമലയിൽ എത്തിയതറിഞ്ഞെത്തിയ പെൺകുട്ടിയുടെ വീട്ടുകാർ കിരണിനെ സംസാരിക്കാനായി വിളിച്ചുകൊണ്ടു പോയി. പിന്നാലെ കിരണിനെ കാണാതാവുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

കിരണിന് എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സുഹൃത്തുക്കൾ പരാതി നൽകിയിരിക്കുന്നത്. സുഹൃത്തുക്കളുടെ മൊഴി വിഴിഞ്ഞം പൊലീസ് രേഖപ്പെടുത്തി. കടലിൽ ആൾ വീണിട്ടുണ്ടോ എന്നതിൽ തന്നെ വ്യക്തത വരാനുണ്ട്. തിരച്ചിൽ കൂടുതൽ ഊർജിതമാക്കാനാണ് പൊലീസ് തീരുമാനം.