കൊച്ചി: കൊച്ചിയിൽ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ബന്ധുക്കൾ. സംഗീത ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും കാരണമാണെന്നാണ് ആരോപണം. ഭർത്താവ് സുമേഷ് ഉയർന്ന ജാതിയിൽപ്പെട്ടയാളും സംഗീത താഴ്ന്ന ജാതിയിൽപ്പെട്ടതും ആയിരുന്നു. ജാതിയുടെ പേരിൽ സുമേഷും വീട്ടുകാരും സംഗീതയെ വാക്കുകൾ കൊണ്ടും ഒരുപാട് നോവിച്ചിരുന്നെന്ന് സംഗീതയുടെ കുടുംബം പറയുന്നു.

സംഗീതയുടെയും സുമേഷിന്റേതും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് പിന്നാലെ തന്നെ ജാതി പറഞ്ഞുള്ള അധിക്ഷേപം തുടങ്ങി. ജാതിയുടെ പേരിലും സ്ത്രീധനത്തിന്റ പേരിലും കൊടിയ പീഡനങ്ങളാണ് സംഗീതക്ക് സുമേഷിന്റെ വീട്ടിൽ നിന്നും നേരിടേണ്ടി വന്നതെന്നാണ് അവരുടെ വീട്ടുകാർ പറയുന്നത്. കല്യാണം കഴിഞ്ഞ ദിവസം വസ്ത്രം മാറാൻ പോലും വീട്ടിൽ മുറി നൽകിയില്ല. . കല്യാണം കഴിഞ്ഞെത്തിയ ദിവസം വസ്ത്രം മാറാൻ ചേട്ടത്തിയമ്മയുടെ മുറിയിൽ കയറി. എന്നാൽ അവർ അവളെ മുറിയിൽ കയറാൻ അനുവദിച്ചില്ല. അവിടെ കൂടിയിരുന്നവർ പറഞ്ഞപ്പോഴാണ് അനുവാദം നൽകിയത്. മുറിയിൽ നിന്ന് ചീപ്പും ടർക്കിയും എടുത്തതിന് ചേട്ടത്തിയമ്മ അറപ്പോടെ പെരുമാറി. ഇനി ഇതെനിക്ക് വേണ്ടെന്ന് പറഞ്ഞ് അവർ വലിച്ചെറിഞ്ഞു. കാരണം അവളുടെ ജാതിയായിരുന്നെന്നും കുടുംബം പറയുന്നു.

സ്ത്രീധനത്തിന്റെ പേരിലും സുമേഷും കുടുംബവും ഒരുപാട് അപമാനിച്ചു. സ്ത്രീധനം നൽകാൻ ഉണ്ടായിരുന്നില്ല. സ്ത്രീധനം കൊണ്ടുവന്നില്ലെന്ന് പറഞ്ഞ് കസേരയിൽ ഇരിക്കാൻ പോലും അനുവദിച്ചിട്ടില്ല. അവൾക്ക് കഴിക്കാൻ പ്രത്യേക ഗ്ലാസും പ്ലേറ്റും ഉണ്ടായിരുന്നു. ഗർഭിണിയായപ്പോഴും പ്രസവത്തോടെ കുഞ്ഞു മരിച്ചപ്പോഴും അവൾ നേരിട്ടത് വല്ലാത്ത ക്രൂരതകളാണ്. കുഞ്ഞിന്റെ മൃതദേഹം പോലും അവർ വീട്ടിൽ കയറ്റിയില്ല. ഈ കുടുംബത്തിൽ ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് താഴ്ന്ന ജാതിയിൽപെട്ട സ്ത്രീയിൽ ആയല്ലോ എന്നാണ് ഭർത്താവിന്റെ അമ്മ പറഞ്ഞത്.' സംഗീതയുടെ കുടുംബം ആരോപിക്കുന്നു.

പ്രണയത്തിനൊടുവിൽ 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. രണ്ടാഴ്ച പിന്നിടും മുൻപേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങൾക്ക് പുറമേ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചു. സ്ത്രീധനം ലഭിച്ചില്ലെങ്കിൽ ബന്ധം വേർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുമേഷ്, സംഗീതയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. പരാതി നൽകിയെങ്കിലും പൊലീസ് സംഗീതയെ സുമേഷിനോടൊപ്പം അയച്ചു. ജൂൺ ഒന്നിനായിരുന്നു സംഗീതയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആ സമയത്ത് സുമേഷ് വീട്ടിലുണ്ടായിട്ടും സംഗീതയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും വിവരം മറച്ച് വെച്ചുവെന്നും സംഗീതയുടെ വീട്ടുകാർ ആരോപിക്കുന്നുണ്ട്.

അതേസമയം, സംഗീതയുടെ മരണത്തിൽ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്ത് 40 ദിവസം പിന്നിട്ടിട്ടും ഇതുവരെ സുമേഷിനെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കുകയാണെന്നും സംഗീതയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഹൈക്കോടതിയുടെ മുന്നിലെ പുറമ്പോക്കിൽ കഴിയുന്ന സംഗീതയുടെ കുടുംബം നീതിക്കായുള്ള പോരാട്ടം തുടരുകയാണ്.