തൃശൂർ: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവേ ട്രാക്കിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറയ്ക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബ് (22) മരിച്ചത്. ട്രെയിൻ യാത്രക്കിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വെള്ളം വാങ്ങാൻ പ്ലാറ്റ്‌ഫോമിലിറങ്ങി തിരികെ കയറുമ്പോഴാണ് അപകടം ഉണ്ടായത്.

പ്ലാറ്റ്‌ഫോമിലിറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്കു കയറുമ്പോൾ കാൽതെന്നി പാളത്തിലേക്കു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം വേണാട് എക്സ്‌പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു ഇവർ.

ട്രെയിൻ തൃശൂരിലെത്തിയപ്പോൾ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാനായി പ്ലാറ്റ്‌ഫോമിൽ ഇറങ്ങി. എന്നാൽ തിരിച്ചെത്തും മുമ്പേ ട്രെയിൻ എടുത്തു. ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവെ വീഴുകയായിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. സഹോദരി: ലെന.