ശ്രീനഗർ: തീവ്രവാദ പ്രവർത്തനത്തിന് സഹായിക്കുന്നവർക്കെതിരെ കടുത്ത നടപടിക്ക് ജമ്മുകാശ്മീർ. തീവ്രവാദത്തെ സഹായിക്കുന്നവരുടെ വീടും വാഹനങ്ങളും കണ്ടുകെട്ടാൻ യുഎപിഎ പ്രകാരം അനുമതി നൽകി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച നാല് വീടുകളും മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തതായി ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു.

ശ്രീനഗറിലെ ലവിപോറ ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് ജവാന്മാർക്ക് നേരെ ആക്രമണം നടത്താൻ മൂന്ന് തീവ്രവാദികളെ സഹായിച്ചു എന്ന പേരിലാണ് നടപടി. ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീവ്രവാദികൾക്ക് അഭയം നൽകുകയും മറ്റ് പിന്തുണകൾ നൽകുകയും ചെയ്ത മൊഹ്ദ് യൂസഫ് സോഫി, ഖുർഷീദ് അഹമ്മദ്, റമീസ് അഹമ്മദ് മിർഎന്നിവരാണ് പ്രതികൾ.

മറ്റൊരു കേസിൽ അബ് റഹ്മാൻ ഭട്ടിന്റെ വീട് മകൻ ആഷിഖ് ഹുസൈൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.ഇത്തരത്തിൽ ഭീകരവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച 75 വാഹനങ്ങൾ, അഞ്ച് വീടുകൾ, ആറ് വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കാൻ യുഎപിഎ പ്രകാരം അനുമതി നൽകിയിട്ടുണ്ട്.