ജന്മവാസനയ്‌ക്കൊപ്പം ശാസ്ത്രീയ പരിശീലനവുമുണ്ടെങ്കിൽ പ്രഫഷണൽ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന മേഖലയാണ് ലളിതകലകൾ. ഡിജിറ്റൽ മാർക്കറ്റിങ്, പരസ്യ രംഗത്തെ കുതിച്ചു ചാട്ടങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രചാരം, വെബ്‌സൈറ്റ് രൂപകൽപനയിലെ നൂതന വെല്ലുവിളികൾ, മൾട്ടിമീഡിയയും ഗെയിമിങ്ങുമടക്കമുള്ള മേഖലകളിലെ പുതുമകൾ എന്നിവയൊക്കെ ചേർന്ന് വിഷ്വൽ ആർട്‌സിന് ഏറെ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്.

ചിത്രങ്ങളും ശില്പങ്ങളും ഒരു കലാകാരന് തന്റെ ആത്മപ്രകാശനത്തിന്റെ വഴികളാണ്. എന്നാൽ അതിനപ്പുറമുള്ള വാണിജ്യമാനങ്ങൾ അവയ്ക്കുണ്ട്. ലളിതകലകളെന്നും പ്രയുക്തകലകളെന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ലളിതകലകൾ ജന്മസിദ്ധമായ കഴിവുകളെ ആശ്രയിച്ചിരിക്കുന്നു. കമ്പ്യൂട്ടറിന് ഏറെ പ്രാധാന്യമുള്ള ഇക്കാലത്ത് ഗ്രാഫിക്‌സ്. ആനിമേഷൻ രംഗത്തും ഇത്തരക്കാർക്ക് ശോഭിക്കാം.

ക്രിയാത്മകമായ കഴിവുകളെ നിലവിലെ സാമൂഹിക, സാംസ്‌കാരിക അന്തരീക്ഷത്തിൽ കൃത്യമായി ഉപയോഗിക്കാൻ ശീലിപ്പിക്കലാണ് ആധുനിക കലാപഠനത്തിന്റെ രീതി. കലയെ പ്രൊഫഷണലായി സമീപിക്കുന്ന യുവതലമുറയ്ക്ക് ഉപരിപഠനത്തിലും കരിയറിലും അനേകം അവസരങ്ങളുണ്ട്.

തൊഴിലവസരങ്ങൾ

അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ് തുടങ്ങി ആർട്ട് കൺസൾട്ടൻസി വരെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് കലാകാരന്മാർക്ക് അവസരങ്ങൾ അനവധിയാണ്. സ്വയം സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതകൾ പോലുമുണ്ട് ഇതിൽ. മാറുന്ന കാലത്തെ അഭിരുചി വ്യത്യാസങ്ങളെ തിരിച്ചറിയാനും ഉൾക്കൊള്ളാനും കഴിവുണ്ടെങ്കിൽ മാർക്കറ്റിംഗിലും ഒരുകൈ നോക്കാം. വിപണി കണ്ടെത്താൻ ഓൺലൈൻ സംവിധാനവും ഉപയോഗപ്പെടുത്താം.

ബ്രാൻഡിങ് കൺസൾട്ടന്റ്, ഗ്രാഫിക് ഡിസൈനർ, ബ്രാൻഡിങ് ഓഫീസർ, അനിമേറ്റർ, കാർട്ടൂണിസ്റ്റ്, ഇല്ലസ്‌ട്രേറ്റർ, ആർട്ട് കൺസൾട്ടന്റ്, ആർട്ട് ഡീലർ എന്നിങ്ങനെ പുതിയ ലോകത്തിൽ ധാരാളം പുതിയ കരിയറുകൾ ഫൈൻ ആർട്‌സ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു. സിനിമ, ഫോട്ടോഗ്രഫി, തീയേറ്റർ, വീഡിയോ പ്രൊഡഷൻ, എഡിറ്റിങ്, ഡിസൈനിങ്, പരസ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ ഫൈൻ ആർട്‌സ് പഠിച്ചവർക്ക് തൊഴിൽ സാധ്യതകളുണ്ട്.

സംസ്‌കൃത സർവ്വകലാശാലയിൽ ഫൈൻ ആർട്‌സ് പഠിക്കാം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (ചിത്രകല, ചുമർചിത്രകല, ശില്പകല) പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. എട്ട് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ ദൈർഘ്യം നാല് വർഷമാണ്.

പ്രവേശനം എങ്ങനെ?

യോഗ്യത: പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ട് വർഷം) അപേക്ഷിക്കാം. അഭിരുചി നിർണ്ണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 2022 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടുതൽ ആകരുത്.

ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും ബിരുദ പ്രോഗ്രാമുകൾ നടത്തപ്പെടുക. യുജിസി. നിർദ്ദേശ പ്രകാരം തയ്യാറാക്കിയ ഫലാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം (ഒ.ബി.ടി.എൽ.ഇ. സ്‌കീം) പ്രകാരമാണ് സർവ്വകലാശാലയുടെ ബിരുദ പാഠ്യപദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.

അപേക്ഷ എങ്ങനെ?

സർവ്വകലാശാല വെബ്‌സൈറ്റ് (www.ssus.ac.in) വഴി അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിർദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി., പ്ലസ് ടു), സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷ ഫീസായി ഓൺലൈൻ വഴി ബിരുദ പ്രോഗ്രാമുകൾക്ക് 50 രൂപ (എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് 10/- രൂപ), ഡിപ്ലോമ കോഴ്‌സുകൾക്ക് 300/- രൂപ (എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് 100/-രൂപ) അടച്ച രസീത് എന്നിവ അതാത് ക്യാമ്പസുകളിലെ വകുപ്പ് അദ്ധ്യക്ഷന്മാർക്ക് / ഡയറക്ടർമാർക്ക് ജൂലൈ 23ന് മുൻപായി സമർപ്പിക്കേണ്ടതാണ്. പ്രൊസ്‌പെക്ടസ് സർവ്വകലാശാലയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓൺലൈൻ അപേക്ഷകൾ ജൂലൈ 15 വരെ

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. ബി. എഫ്. എ. പ്രോഗ്രാമിലേക്കുള്ള അഭിരുചി പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടക്കും. ഓഗസ്റ്റ് 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഭിമുഖം ഓഗസ്റ്റ് 17 ന് നടക്കും. ഓഗസ്റ്റ് 22ന് ക്ലാസ്സുകൾ ആരംഭിക്കും. ഈ അദ്ധ്യയന വർഷത്തെ പ്രവേശന നടപടികൾ സെപ്റ്റംബർ 21ന് അവസാനിക്കും. വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനുമായി www.ssus.ac.in സന്ദർശിക്കുക.