- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണ്; ഇന്നും അവർക്കൊപ്പമാണ്; നടിയിൽ നിന്ന് നേരിട്ട് കാര്യങ്ങൾ അറിഞ്ഞിരുന്നു'; വിജയ് ബാബു പങ്കെടുത്ത 'അമ്മ'യുടെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല; കേസിനെപ്പറ്റി ധാരണയില്ലെന്നും പൃഥ്വിരാജ്; പ്രതികരണം, ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നതിനിടെ
തിരുവനന്തപുരം: താൻ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന നിലപാട് ആവർത്തിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. തിരുവനന്തപുരത്ത് 'കടുവ' സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയിൽ നിന്ന് നേരിട്ട് കാര്യങ്ങൾ അറിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന നിലപാട് ആവർത്തിച്ച് നടൻ പൃഥ്വിരാജ് രംഗത്തെത്തിയത്.
ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണ്. ഇന്നും അവർക്കൊപ്പമാണ്. നടിയിൽനിന്ന് നേരിട്ട് കാര്യങ്ങൾ അറിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തിൽ സധൈര്യം നിലപാട് പരസ്യമാക്കിയ പൃഥ്വിരാജ്, നടനും നിർമ്മാതാവുമായ വിജയ് ബാബു പുതുമുഖ നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാത്തതിനെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ ചോദ്യമുയർന്നപ്പോഴായിരുന്നു പ്രതികരണം.
നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ അവരിൽനിന്ന് നേരിട്ട് വിവരങ്ങൾ അറിയാമായിരുന്നുവെന്നും, രണ്ടാമത്തെ സംഭവത്തെക്കുറിച്ച് തനിക്ക് ധാരണയില്ലെന്നും പൃഥ്വിരാജ് വിശദീകരിച്ചു. വിജയ് ബാബു പങ്കെടുത്ത 'അമ്മ'യുടെ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും പൃഥ്വി വ്യക്തമാക്കി.
''ആദ്യം പറഞ്ഞ സംഭവത്തിൽ, ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. ഞാൻ ഒരുപാട് സിനിമകൾ കൂടെ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചതെന്ന് അവരിൽ നിന്നുതന്നെ നേരിട്ട് അറിയാവുന്നതുമാണ്. ഈ പോരാട്ടത്തിൽ അവർക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഞാൻ മാത്രമല്ല, അവർക്കൊപ്പം ജോലി ചെയ്തിട്ടുള്ള ഒരുപാടു പേർക്കും ഇതേ നിലപാടാണ്' പൃഥ്വിരാജ് പറഞ്ഞു.
''പക്ഷേ, രണ്ടാമതു പറഞ്ഞ സംഭവത്തെക്കുറിച്ച് എനിക്ക് വ്യക്തതയില്ല. അതേക്കുറിച്ച് എനിക്ക് അറിയില്ല. നിങ്ങളെല്ലാവരും എഴുതിയിട്ടുള്ള, നിങ്ങളെല്ലാവരും കാണിച്ചിട്ടുള്ള, നിങ്ങളെല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുള്ള വിവരങ്ങൾ മാത്രമേ എനിക്കും അറിയൂ. അതുവച്ച് ഈ വിഷയത്തിൽ പ്രതികരിക്കാൻ ഞാൻ തയ്യാറെടുത്തിട്ടില്ല'' പൃഥ്വി വ്യക്തമാക്കി.
''ആ യോഗത്തിൽ (വിജയ് ബാബു പങ്കെടുത്ത 'അമ്മ' സംഘടനയുടെ യോഗം) ഞാനും പങ്കെടുത്തിരുന്നില്ല. വിജയ് ബാബു അവിടെ പോകാൻ പാടുണ്ടോ എന്നൊന്നും അഭിപ്രായം പറയേണ്ടത് ഞാനല്ല. സംഘടനയുടെ പ്രവർത്തന രീതികളെക്കുറിച്ചോ അല്ലാതെയോ എനിക്ക് അറിവില്ല. അതുകൊണ്ട് അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ആധികാരികമായി പറയാനുമാകില്ല' പൃഥ്വിരാജ് വിശദീകരിച്ചു.
അമ്മ ഒരു ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചാരിറ്റബിൾ സൊസൈറ്റി ആയാണ് അമ്മ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും രജിസ്ട്രേഷൻ മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി. 'അമ്മ സംഘടനകളെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാമോ എന്നും വാർത്താ സമ്മേളനത്തിനിടെ പൃഥ്വിരാജ് ചോദിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ആർ ശ്രീലേഖയുടെ അവകാശവാദങ്ങൾ വൻ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ളവർ ശ്രീലേഖയ്ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജയും രംഗത്തെത്തി. ശ്രീലേഖയുടെ പരാമർശം അപലപനീയമാണെന്ന് ആനി രാജ പറഞ്ഞു. കേസ് നടപടി നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ ഇത്തരം പരാമർശങ്ങൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പ്രതികരിച്ചു.
ശ്രീലേഖ മുൻപും ദിലീപിനെ അനുകൂലിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കുറ്റാരോപിതൻ കുറ്റക്കാരൻ അല്ല എന്ന് പറയുന്നത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണ് ഇത്തരം പരാമർശമെന്നും ആനി രാജ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ