- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ട് മൂന്ന് നടിമാർ പൾസർ സുനിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്'; വെളിപ്പെടുത്തലിന് പിന്നാലെ മുൻ ഡിജിപി ശ്രീലേഖയ്ക്കെതിരെ പരാതി; കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചുവെന്നും പരാതിയിൽ; തൃശൂർ റൂറൽ പൊലീസ് മേധാവിക്ക് പരാതി കൈമാറി
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ ന്യായീകരിച്ച് നടത്തിയ വെളിപ്പെടുത്തലിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരേ പരാതി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനി മുമ്പ് മറ്റു നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും ശ്രീലേഖ നടപടിയെടുക്കാതെ സംരക്ഷിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫാണ് പരാതി നൽകിയത്. പരാതി തൃശൂർ റൂറൽ പൊലീസ് മേധാവിക്ക് കൈമാറി.
പൾസർ സുനിക്കെതിരേ അന്ന് കൃത്യമായി നടപടി എടുത്തിരുന്നുവെങ്കിൽ വീണ്ടും കുറ്റങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൾസർ സുനിക്കെതിരേ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.
'സസ്‌നേഹം ശ്രീലേഖ' എന്ന യുട്യൂബ് ചാനലിലൂടെയാണ്, നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ ന്യായീകരിച്ച് ശ്രീലേഖ രംഗത്തെത്തിയത്. കേസിൽ പ്രതിയായ പൾസർ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഒരു വെളിപ്പെടുത്തൽ.
എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് സിനിമമേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മൂന്ന് നടിമാർ പൾസർ സുനിയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തിയത്. വിശ്വാസ്യത പിടിച്ചുപറ്റി അടുത്തുകൂടി തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രീകരിച്ച് ഇയാൾ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കരിയർ തകരുമെന്ന ഭയത്തിലും കേസിന് പിറകേ നടക്കാനും മടിയായതുകൊണ്ടാണ് അവർ പരാതി നൽകാതെ പണം നൽകി സംഭവം ഒത്തുതീർപ്പാക്കിയെന്നുമാണ് ശ്രീലേഖ പറഞ്ഞത്.
ദിലീപിനെതിരേ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. കേസിൽ ദിലീപിനെതിരേ തെളിവുകിട്ടാത്തതിനാൽ പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നും അവർ ആരോപിച്ചിരുന്നു. ജയിലിൽനിന്ന് ദിലീപിന് കത്തയച്ചത് പൾസർ സുനിയല്ല, സഹതടവുകാരനാണ് എന്നും പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തും പുറത്തുവന്ന കത്തും രണ്ടാണെന്നും ദിലീപും പൾസർ സുനിയും ഒന്നിച്ചുള്ള ചിത്രം വ്യാജമായി സൃഷ്ടിച്ചതാണന്നും ശ്രീലേഖ ആരോപിച്ചിരുന്നു. അതേസമയം, ദിലീപും പൾസർ സുനിയും ഒന്നിച്ചുള്ള ചിത്രം യഥാർഥമാണെന്നും അതിൽ കൃത്രിമത്വം ഇല്ലെന്നും ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറായ ബിദിൽ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
ശ്രീലേഖയുടെ വാക്കുകൾ
2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ ഞാൻ ജയിൽ ഡിജിപിയായിരുന്നു. കേസിന്റെ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയപ്പോൾ എനിക്ക് യാതൊരു സംശയവും തോന്നിയില്ല. കേസിൽ അറസ്റ്റിലായ ഒന്നോ രണ്ടോ പേർ മാത്രമാണ് ആദ്യമായി കുറ്റം ചെയ്തവർ. ബാക്കിയെല്ലാവരും മുൻപു പല കേസുകളിലും പ്രതികളാണ്. വളരെ മോശമായ പശ്ചാത്തലം ഉള്ളയാളാണ് പൾസർ സുനി. എനിക്കിതിനെക്കുറിച്ച് അറിയാം. 12 വർഷത്തോളം എറണാകുളത്ത് പ്രവർത്തിച്ചയാളാണ് ഞാൻ. അതുകൊണ്ടുതന്നെ സിനിമാ മേഖലയിൽ നിന്നുള്ള പലരും പല കാര്യങ്ങൾക്കായി എന്റെയടുത്ത് വന്നിട്ടുണ്ട്.
വളരെ അടുപ്പം ഉണ്ടായിരുന്ന രണ്ട് മൂന്ന് നടിമാർ പൾസർ സുനിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പലതും പറഞ്ഞ് അടുത്ത് കൂടി ഡ്രൈവറായി വന്ന് വിശ്വാസം പിടിച്ചുപറ്റി തട്ടിക്കൊണ്ട് പോയി മൊബൈലിൽ ദൃശ്യങ്ങൾ പിടിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുന്ന ആളാണെന്ന് അവർ പറഞ്ഞതാണ്. ആ നടിമാരോട്, എന്തുകൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നും കേസ് ആക്കി ഇയാളെ അകത്തിടാമല്ലോയെന്നും ഞാൻ ചോദിച്ചിരുന്നു. സ്വന്തം കരിയർ നഷ്ടപ്പെടുന്നതുകൊണ്ടും ഈ കേസ് പുറത്ത് വന്നാൽ കൂടുതൽ മാനഹാനി നേരിടേണ്ടി വരുമെന്ന പേടി കൊണ്ടും പൈസ കൊടുത്ത് ആ സംഭവം സെറ്റിൽ ചെയ്യുകയായിരുന്നുവെന്നാണ് അവർ പറഞ്ഞത്.
പൾസർ സുനി ഉപദ്രവിച്ചതിനെക്കുറിച്ച്, നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും നിരവധി നടിമാർ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ചില നടിമാർ അത് പറയാതെയും ഇരുന്നിട്ടുണ്ട്. പൾസർ സുനിയാണ് നടിയെ ആക്രമിച്ചതെന്ന് അറിഞ്ഞപ്പോൾ, ഇതൊക്കെ അറിയാവുന്നതുകൊണ്ട് എന്നെ സംബന്ധിച്ച് അന്നും ഇന്നും അക്കാര്യത്തിൽ ഒരു സംശയവുമില്ല.
മറുനാടന് മലയാളി ബ്യൂറോ