കണ്ണൂർ: തലശേരിയിൽ കടൽപ്പാലം കാണാനെത്തിയ ദമ്പതികളെ പൊലീസ് മർദ്ദിച്ചുവെന്ന പരാതിയിൽ വകുപ്പ് തല അന്വേഷണറിപ്പോർട്ട് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവന് തലശേരി എ.സി.പി വിഷ്ണു പ്രദീപ് സമർപിക്കും. ഇതിനിടെ പൊലിസ് അറസ്റ്റു ചെയ്ത പ്രത്യൂഷിന് അതിക്രൂരമായ മർദ്ദനമേറ്റ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നത് വിവാദമായിട്ടുണ്ട്.

പൊലിസിന്റെ മർദ്ദനത്തിന് തലശേരി പാലയാട് സ്വദേശി പ്രത്യൂഷ് ഇരയായെന്നാണ് വൂണ്ട് റിപ്പോർട്ടിലുള്ളത്. തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് പ്രത്യൂഷിനെ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഭാര്യ മേഘയ്ക്ക് പരുക്കൊന്നുമില്ല. നേരത്തെ സംഭവദിവസം രാത്രി പ്രത്യൂഷിനെ പൊലിസ് മർദ്ദിച്ചുവെന്ന് ഭാര്യ മേഘ മജിസ്ട്രേറ്റിനു മുൻപിൽ ഹാരാക്കിയപ്പോൾ പരാതിയിൽ പറഞ്ഞിരുന്നു.

എന്നാൽ ഇതു സംബന്ധിച്ചു എഴുതി നൽകാനാണ് കോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ബലപ്രയോഗത്തിലൂടെയാണ് പ്രത്യൂഷിനെ പൊലിസ് അറസ്റ്റു ചെയ്തുവെന്ന ഭാര്യയുടെ ആരോപണം സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തായ മെഡിക്കൽ റിപ്പോർട്ട്. ദമ്പതികളെ അറസ്റ്റു ചെയ്യുമ്പോൾ തങ്ങൾ മർദ്ദിച്ചില്ലെന്ന പൊലിസിന്റെ വാദം പൊളിയുന്നതാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടെന്നാണ് ഭാര്യ മേഘ പറയുന്നത്.

ജീപ്പിൽവച്ചാണ് പ്രത്യൂഷിനെ പൊലിസ് മർദ്ദിച്ചതെന്ന് ഇവർ ആരോപിച്ചിരുന്നു. ഇതു സാധൂകരിക്കുന്ന വിധത്തിലാണ് പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന വൂണ്ട് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഇയാളുടെ ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. ഇതിനിടെ പ്രത്യൂഷിന്റെ ജാമ്യഹരജി തലശേരി മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്‌ച്ച പരിഗണിക്കും.