കൊച്ചി: 2022 ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിങ് ചാമ്പ്യൻഷിപ്പിന്റെയും, ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെയും രണ്ടാം റൗണ്ടിലെ അവസാന ദിവസവും മികച്ച പ്രകടവുമായി ഹോണ്ട റേസിങ് . ദേശീയ ചാമ്പ്യൻഷിപ്പിന്റെ പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തിലെ രണ്ടാം റേസിൽ ഇഡിമിത്സു ഹോണ്ടഎസ്‌കെ69 റേസിങ് ടീമിലെ രാജീവ് സേതു മൂന്നാം സ്ഥാനം നേടി. ആദ്യറേസിൽ രണ്ടാം സ്ഥാനം നേടിയ രാജീവ് സേതു രണ്ട് പോഡിയം ഫിനിഷിങുമായാണ് രണ്ടാം റൗണ്ട് പൂർത്തിയാക്കിയത്. മറുവശത്ത് പൂണെയുടെ സാർത്ഥക് ചവാനും മുംബൈയുടെ റഹീഷ് ഖത്രിയും യഥാക്രമം ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് എൻഎസ്എഫ്250ആർ, സിബിആർ150ആർ വിഭാഗങ്ങളിൽ തുടർച്ചയായ നാലാം വിജയം നേടി കരുത്ത് തെളിയിച്ചു.

പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തിൽ രാജീവിന്റെ സഹതാരം സെന്തിൽ കുമാർ ഏഴാം സ്ഥാനത്തും, എഎസ്‌കെ ഹോണ്ട റേസിങിന്റെ അഭിഷേക് വസുദേവ് അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ടാലന്റ് കപ്പിന്റെ എൻഎസ്എഫ്250ആർ വിഭാഗം രണ്ടാം റേസിലും മലപ്പുറത്ത് നിന്നുള്ള മൊഹ്‌സിൻ പി രണ്ടാം സ്ഥാനത്തെത്തി. ചെന്നൈയുടെ ശ്യാം സുന്ദറിനാണ് മൂന്നാം സ്ഥാനം. സിബിആർ 150 ആർ വിഭാഗത്തിൽ ശ്യാം ബാബുവും തുടർച്ചയായ രണ്ടാം റേസിലും രണ്ടാമനായി. ഹർഷിത് ബോഗറാണ് മൂന്നാമനായി ഫിനിഷ് ചെയ്തത്. ഹോണ്ട ഹോർനെറ്റ് 2.0 വൺ മേക്ക് സപ്പോർട്ട് റേസിന്റെ രണ്ടാം റേസിൽ, കയാൻ സുബിൻ പട്ടേലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ജി.ബാലാജി ഒന്നാം സ്ഥാനം നേടി. റൊമാരിയോയ്ക്കാണ് മൂന്നാം സ്ഥാനം.

റേസ്ട്രാക്കിൽ തങ്ങളുടെ റൈഡർമാരുടെ അർപ്പണബോധവും നിശ്ചയദാർഢ്യവും കാണുന്നതിൽ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്ഡ് ആൻഡ് കമ്മ്യൂണിക്കേഷൻ ഓപ്പറേറ്റിങ് ഓഫീസർ പ്രഭു നാഗരാജ് പറഞ്ഞു. വർഷങ്ങളുടെ റൈഡിങ് അനുഭവം ഉപയോഗിച്ച് മത്സരത്തിലൂടെ മുന്നേറാൻ രാജീവ് സേതുവിന് കഴിഞ്ഞു. മറുവശത്ത് തങ്ങളുടെ യുവറൈഡർമാർ അവരുടെ അസാമാന്യ കഴിവുകൾ പ്രദർശിപ്പിക്കുന്നതും തുടർന്നു. തഡയുകി ഒകാഡയുടെ മാർഗ നിർദ്ദേശത്തിൽ തങ്ങളുടെ റൈഡർമാർ മെച്ചപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.