യർ ട്രാഫിക് കൺട്രോളറിൽ നിന്നും തെറ്റായ വിവരം ലഭിച്ചതിനെ തുടർന്ന് പാരിസിനടുത്ത് ഒരു വിമാനം വൻ അപകടത്തിന്റെ വക്കിൽ എത്തി. 180 യാത്രക്കാരുമായി സ്റ്റോക്ക്ഹോമിൽ നിന്നും പാരീസിലേക്ക് വന്ന എയർ സ്വീഡന്റെ വിമാനമായിരുന്നു അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ മെയ്‌ 23 നായിരുന്നു ഈ സംഭവം നടന്നത്.കൺടോൾ ടവറിലുണ്ടായിരുന്ന ഫ്രഞ്ചുകാരനായ ഉദ്യോഗസ്ഥൻ, വിമാനത്തിലെ പൈലറ്റുമാർക്ക് ഇംഗ്ലീഷിൽ വിവരം നൽകിയപ്പോൾ വന്ന പിഴയായിരുന്നു ഇതിന് കാരണമായത്.

ഭാഷാ പ്രശ്നം മൂലം തെറ്റായ വിവരം ലഭിച്ചപ്പോൾ, വിമാനത്തിലെ കംപ്യൂട്ടറിൽ കാണിച്ചതിനേക്കാൾ 295 അടി ഭൂമിയോട് അടുത്തായിരുന്നു വിമാനം. എന്നാൽ റൺവേയിലെ ലൈറ്റുകൾ കാണാഞ്ഞതിനാൽ പൈലറ്റുമാർ വിമാനം ലാൻഡ് ചെയ്യാതെ വീണ്ടും ഉയർന്നു പറക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കിൽ ഒരു കൃഷിയിടത്തിൽ ആ വിമാനം ഇറങി ഒരു വൻ അപകടം ഉണ്ടാകുമായിരുന്നു. ആ സമയത്ത് വിമാനം തറനിരപ്പിൽ നിന്നും വെറും ആറടി മാത്രം ഉയരത്തിലായിരുന്നു എന്നതാണ് ഏറെ ഭയപ്പെടുത്തുന്ന കാര്യം.ഇക്കഴിഞ്ഞ മെയ്‌ 23 ന് പ്രാദേശിക സമയം രാവിലെ 11.30 നടന്ന ഈ സംഭവം ഫ്രൻസിലെ വ്യോമയാന അപകടങ്ങളെകുറിച്ച് അന്വേഷിക്കുന്ന ബി ഇ എ കഴിഞ്ഞ ദിവസം മാത്രമാണ് പുറത്തുവിട്ടത്.

ഫ്രഞ്ച് സ്വദേശിയായ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥൻ പൈലറ്റുമാരുമായി ഇംഗ്ലീഷിൽ സംസാരിക്കുമ്പോഴായിരുന്നു ഈ പിഴവ് ഉണ്ടായത്. വിമാനത്തിൽ ഉള്ളവർക്ക് സമുദ്ര നിരപ്പ് എവിടെയാണെന്ന് അറിയിക്കുന്ന ക്യു എൻ എച്ച് റീഡിങ് നൽകുന്ന സമയത്തായിരുന്നു ഈ പിഴവ് സംഭവിച്ചത്.

ഈ വിവരത്തെ അടിസ്ഥാനമാക്കിയാണ് വിമാനത്തിലെ ആൾട്ടി മീറ്റർ, വിമാനം ഭൂമിയിൽ നിന്നും എത്ര ദൂരെയാണെന്ന് കണക്കാക്കുന്നത്. ഈ ക്യു എൻ എച്ച് റീഡിങ് 1001 ആയിരുന്നപ്പോൾ കൺട്രോളർ പൈലറ്റുമാരോട് പറഞ്ഞത് 1011 എന്നായിരുന്നു. അതിനെ അടിസ്ഥാനമാക്കി ആൾട്ടിമീറ്റർ കണക്കുകൂട്ടിയപ്പോൾ മുതൽ വിമാനം പറക്കാൻ തുടങ്ങിയത് അതിൽ കാണിക്കുന്ന ഉയരത്തിൽ നിന്നും 280 അടി താഴെയായിട്ടായിരുന്നു.

നേരിയ മഴയും മഴക്കാറു മൂടിയ അന്തരീക്ഷത്തിലും പൈലറ്റ് മാർ വിമാനമിറക്കാൻ ശ്രമിച്ചു. ആൾട്ടിമീറ്ററിലെ റീഡിങ് പ്രകാരം 300 മീറ്റർ ഭൂമിയോട് അടുത്തെത്തിയിട്ടും റൺവേയിലെ വിളക്കുകൾ കാണാൻ കഴിഞ്ഞില്ല. അപ്പോൾ വിമാനം യഥാർത്ഥത്തിൽ ഭൂമിയിൽ നിന്നും വെറും 20 അടി ഉയരെ മാത്രമായിരുന്നു.

വീണ്ടും അൽപം താഴ്ന്നിട്ടും വിളക്കുകൾ കാണാതെയായപ്പോൾ പൈലറ്റ് വിമാനം മുകളിലേക്ക് പറത്തുകയായിരുന്നു. അപ്പോളെ ഭൂമിയിൽ നിന്നും ഏതാനും അടി ഉയരത്തിൽ മാത്രമായിരുന്നു വിമാനം.