ടുത്ത സാമ്പത്തിക മാാന്ദ്യവും പണപ്പെരുപ്പവും യൂറോയുടെ വില കുത്തനെയിടിച്ചു. ഇപ്പോൾ യൂറോയുടെ മൂല്യം ഡോളറിന് തുല്യമായി വന്നിരിക്കുകയാണ്. ഈ വർഷം ഇതുവരെ 12 ശതമാനത്തിന്റെ മൂല്യമിടിവാണ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ യൂറോക്ക് ഉണ്ടായിട്ടുള്ളത്. പലിശ വർദ്ധിപ്പിച്ചും മറ്റും പണപ്പെരുപ്പംതടയാൻ അമേരിക്ക തീവ്ര ശ്രമങ്ങൾ എടുക്കുമ്പോൾ, അത്രയും കർശനമായ നടപടികൾ യൂറോപ്യൻ യൂണിയന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല എന്നതാണ് ഇവിടെ പണപ്പെരുപ്പം വർദ്ധിക്കുവാനും തത്ഫലമായി കറൻസി മൂല്യം ഇടിയാനു ഇടയാക്കിയതെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നു.

കോവിഡ് പ്രതിസന്ധിക്ക് ശേഷം അല്പാല്പമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയതായിരുന്നു യൂറോപ്യൻ രാജ്യങ്ങൾ. റഷ്യൻ- യുക്രെയിൻ യുദ്ധത്തോടെ അതിന് ആക്കം വർദ്ധിച്ചു. കോവിഡ് വ്യാപനം മൂലം ചൈനയിലെ പല നഗരങ്ങളും, പ്രത്യേകിച്ച് വ്യാവസായിക മേഖല അടച്ചിട്ടതും ഈ സാമ്പത്തിക മാന്ദ്യത്തിന് വേഗത വർദ്ധിപ്പിച്ചു. ഡോളറിന്റെ എതിരാളികളായി മുന്നിൽ നിന്ന യൂറോയും, ജാപ്പനീസ് യെന്നും ബ്രിട്ടീഷ് പൗണ്ടുമൊക്കെ മൂല്യശോഷണം അഭിമുഖീകരിക്കുമ്പോൾ അമേരിക്കൻ ഡോളർ മാത്രം വലിയ പരിക്കുകൾ ഒന്നും ഇല്ലാതെ നിൽക്കുന്നുണ്ട്.

അതിനിടയിൽ ഇന്ത്യൻ രൂപയും എക്കാലത്തേയും കുറഞ്ഞ മൂല്യത്തിൽ എത്തി. 78.20 രൂപയാണ് ഇപ്പോൾ ഒരു ഡോളറിന്റെ മൂല്യം. ഇക്കഴിഞ്ഞ ജനുവരി മുതൽ 5 ശതമാനത്തിന്റെ മൂല്യ തകർച്ചയാണ് ഇന്ത്യൻ രൂപക്ക് ഉണ്ടായത്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതും, വിദേശ നിക്ഷേപങ്ങൾ വൻ തോതിൽ പിൻവലിക്കപ്പെടുന്നതുമാണ് രൂപയുടെ മൂല്യ തകർച്ചക്ക് കാരണമായി സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 2022 ലെ അദ്യ അഞ്ചു മാസങ്ങളിൽ മാത്രം 2, 15,000 രൂപയിൽ അധികം വിദേശ നിക്ഷേപങ്ങളാണ് ഇന്ത്യയിൽ നിന്നും പിൻവലിക്കപ്പെട്ടത്.

ഇത് ഇന്ത്യൻ ഓഹരിക്കമ്പോളത്തെയും സാരമായി ബാധിച്ചിട്ടുണ്ട് ജനുവരി മുതൽ തന്നെ നിഫ്റ്റിയും ബി എസ് ഇയും പത്തു ശതമാനം താഴെയാണ് പ്രവർത്തനം കാഴ്‌ച്ചവയ്ക്കുന്നത്. ബാങ്ക് പലിശ നിരക്ക് വർദ്ധനവാണ് ഇത്തരത്തിൽ വൻ തോതിൽ നിക്ഷേപം പിൻവലിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പലിശ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ നിക്ഷേപങ്ങൾക്കുള്ള പലിശയും സ്വാഭാവികമായും വർദ്ധിക്കും. അപ്പോൾ, ഇന്ത്യ പോലെ നഷ്ട സാധ്യത ഏറെയുള്ള വിപണികളിൽ നിക്ഷേപം നടത്താൻ നിക്ഷേപകർ മടിക്കും. സ്വാഭാവികമായും നിക്ഷേപങ്ങൾ പിൻവലിച്ച്, ഉറപ്പുള്ള കൂടിയ പലിശക്കായി അവർ ബാങ്കുകളിൽ നിക്ഷേപിക്കും.

എണ്ണവിലയിൽ ഉണ്ടായ വർദ്ധനവും തത്ഫലമായി ആവശ്യ സാധനങ്ങളുടെ വില വർദ്ധനവുണ്ടായതും ഇന്ത്യയിലെ അഭ്യന്തര വിപണിയേയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതും വിദേശ നിക്ഷേപകർ പിൻവലിയുവാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം , പലിശ നിരക്ക് ഉയർത്തിയും മറ്റും വിപണിയിലേക്കുള്ള അമേരിക്കൻ തന്ത്രം ഫലം കണ്ടു എന്നതിന്റെ തെളിവാണ് ഡോളർ ഈ സാമ്പത്തിക മാന്ദ്യ കാലത്തും വലിയ തകർച്ച നേരിടാതെ പിടിച്ചു നിൽക്കുന്നത്.