നിലമ്പൂർ: കമിതാക്കളെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറാതെ കാഞ്ഞിരക്കടവ് ഗ്രാമം. നിലമ്പൂർ മുതീരി കാഞ്ഞിരക്കടവ് മണ്ണുംപറമ്പിൽ ചന്ദ്രന്റെയും രജനിയുടെയും മകൻ വിനീഷ് (22), ഗൂഡല്ലൂർ ഓവേലി സീഫോർത്തിലെ ബാലന്റെയും വസന്തയുടെയും മകൾ രമ്യ (22) എന്നിവരാണ് വീടിന് അടുത്തുള്ള റബ്ബർ തോട്ടത്തിലെത്തി ഒരേ മരത്തിൽ ബെഡ്ഷീറ്റിന്റെ രണ്ടറ്റത്തായി തൂങ്ങി മരിച്ചത്.

ഇരുവരുടേതും ആത്മഹത്യയാണെന്നാണ് സൂചനകൾ. വിറക് ശേഖരിക്കാൻ എത്തിയ സ്ത്രീകളാണ് റബ്ബറിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങള കണ്ടത്. വിനീഷിന്റെ വീടിന് 200 മീറ്റർ അകലെ വിജനമായ റബർ തോട്ടത്തിൽ ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹങ്ങൾ കണ്ടത്. വിനീഷിന്റെ അമ്മാവന്റെ മകളാണ് രമ്യ. ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും പ്രണയം വീട്ടുകാർക്ക് അറിയാമായിരുന്നു. ഇവർ തമ്മിലുള്ള വിവാഹം നടത്തി കൊടുക്കാനും വീനിഷിന്റെ മാതാപിതാക്കൾ സമ്മതം അറിയിച്ചിരുന്നു. എന്നാൽ ജേഷ്ടന്റ വിവാഹ ശേഷമാകാം എന്നു പറഞ്ഞിരുന്നതായി പ്രദേശവാസികൾ പറയുന്നു.

എന്നാൽ വീട്ടുകാർ സമ്മതം അറിയിച്ചിട്ടും എന്തിനാണ് ഇവർ ആത്മഹത്യ തിരഞ്ഞെടുത്തതെന്നാണ് എല്ലാവരുടേയും സംശയം. വീട്ടുകാർ വിവാഹത്തിന് എതിരുനിൽക്കുമെന്ന് ഭയന്ന് ഇരുവരും ജീവനൊടുക്കിയതായാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നഴ്‌സ് ആണ് രമ്യ. ജൂലൈ 11ന് വൈകിട്ട് വിനീഷ് വീട്ടിൽനിന്നു പോയതാണ്. പിറ്റേന്ന് വൈകിട്ട് രമ്യയുമൊത്ത് നിലമ്പൂരെത്തി. രമ്യയുടെ ഫോണിൽനിന്ന് വിനീഷിന്റെ വീട്ടുകാരെ വിളിച്ചതായി പറയുന്നു.

റബർ മരത്തിൽ കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ. ഡിവൈഎസ്‌പി സാജു കെ.ഏബ്രഹാം സ്ഥലം സന്ദർശിച്ചു. ഇൻസ്‌പെക്ടർ പി.വിഷ്ണു ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജിൽ പൊലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തും.