ന്യൂഡൽഹി: കുഞ്ഞൻ വൈറസ് ലോകത്തെ പേടിപ്പിക്കാൻ തുടങ്ങിയിട്ട് ഈ ഡിസംബറിൽ മൂന്നുവർഷമാകും. ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങിയ മഹാമാരി ലോകത്തെ ഭീതിയിലാഴ്‌ത്തിയ വർഷങ്ങൾ. ഇപ്പോഴിതാ കോവിഡ് ഓമിക്രോണിന്റെ പുതിയ ഉപവകഭേദമായ ബിഎ.2.75 വ്യാപകമായി പടർന്ന് പിടിക്കുകയാണ്. ഈ ഉപവകഭേദം സെന്റോറസ് എന്ന ചെല്ലപ്പേരിലാണ് അറിയപ്പെടുന്നത്. ബിഎ.5 ഉപവകഭേദത്തിനേക്കാൾ അതിതീവ്ര വ്യാപന ശേഷിയാണ് സെന്റോറസിനുള്ളത്. ഇന്ത്യയിൽ, കഴിഞ്ഞ മെയിൽ ആദ്യമായി സ്ഥിരീകരിച്ച ഉപവകഭേദം പിന്നീട് യുകെ, യുഎസ്, ഓസ്‌ട്രേലിയ, ജർമ്മനി, കാനഡ തുടങ്ങി പത്തിലധികം രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

ഏറ്റവും ഒടുവിൽ നെതർലൻഡ്‌സിലാണ് സെന്റോറസ് സ്ഥിരീകരിച്ചത്. ഡച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുവരെ കണ്ട ഉപവകഭേദങ്ങളിൽ ഏറ്റവും പകർച്ച വ്യാപനശേഷിയുള്ളത് എന്നാണ് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തന്നത്. വാക്‌സിൻ എടുത്തവർക്കും, മുമ്പ് ഓമിക്രോൺ വന്നവർക്കും ഇതുവരാം. എന്നാൽ, ഓമിക്രോണിനേക്കാൾ കൂടുതൽ പ്രഹര ശേഷി ഈ ഉപ വകഭേദത്തിന് ഉണ്ടെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.

വാക്‌സിൻ വഴി ആർജ്ജിച്ച പ്രതിരോധ ശേഷിയെ എത്രമാത്രം സെന്റോറസ് മറികടക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ബിഎ 5 നേക്കാൾ വ്യാപനശേഷിയുള്ളതാണ് ബിഎ 2.75 എന്നാണ് ജനീവ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത് ഡയറക്ടർ ആന്റോയിൻ ഫ്‌ളാഹോൾട്ട് പറയുന്നത്. ലോകമെമ്പാടും ഇത് വ്യാപിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

എന്താണ് ബിഎ 2.75 വൈറസ്?

ബിഎ 2 ഓമിക്രോൺ ഉപവകഭേദത്തിൽ നിന്നുണ്ടായതാണ് ബിഎ 2.75. ഏപ്രിലിൽ കോവിഡ് തരംഗമുണ്ടാക്കിയ വൈറസാണ് ബിഎ 2. കഴിഞ്ഞ മെയിൽ ഇന്ത്യയിലാണ് ബിഎ 2.75 ആദ്യം കണ്ടെത്തിയത്.

കൂടുതൽ അപകടകാരിയോ?

പ്രാഥമിക വിശകലന പ്രകാരം, ബിഎ 2.75 വിന് ബിഎ 2 വിനേക്കാളും, ബ്രിട്ടനിൽ കേസുകളുടെ എണ്ണം കൂട്ടിയ ബിഎ 5 നേക്കാളും വ്യാപനശേഷിയുണ്ട്. എന്നാൽ, കൂടുതൽ രോഗാതുരതയിലേക്ക് നയിക്കും എന്നതിന് തെളിവുമില്ല. ഇതുവരെയുള്ള പഠനപ്രകാരം, അമിത ഭീതിക്ക് വകയില്ല.
ബ്രിട്ടനിലും മറ്റും ബി എ 5 ഉപവകഭേദം തന്നെയാണ് ഇപ്പോഴും ആധിപത്യം തുടരുന്നത്. എന്നാൽ ബിഎ 2.75 അതിനെ മറികടക്കുമോ എന്ന് വ്യക്തമല്ല. ഓണിക്രോൺ ഉപവകഭേദങ്ങളുടെ തീരാപട്ടികയിലെ ഒടുവിലത്തേത് മാത്രമാണ് ബി എ 2.75. ഇനിയും കൂടുതൽ ഉപവകഭേദങ്ങൾ വരാം.

മഹാമാരിക്കിടയാക്കിയ സാർസ് കോവ്-2 കൊറോണ വൈറസ് വ്യാപിക്കും തോറും കൂടുതൽ വ്യതിയാനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കൂടുതൽ വകഭേദങ്ങളും അപകടകാരിയല്ല. എന്നാൽ ചില വകഭേദങ്ങൾ എളുപ്പത്തിൽ ആളുകളെ കീഴടക്കുന്നു എന്ന പ്രശ്‌നവും ഉണ്ട്.

ഉദാഹരണത്തിന് 2021 ജനുവരിയിലെ തരംഗം ഉണ്ടാക്കിയത് ആൽഫയാണെങ്കിൽ, വേനൽകാലത്ത് അത് ഡെൽറ്റയായിരുന്നു. ശീതകാലമായപ്പോഴേക്കും ഓമിക്രോണിന്റെ വരവായി. ബിഎ2 വിനേക്കാൾ വ്യാപനശേഷിയുള്ള ബി എ 5 വന്നതോടെയാണ് വീണ്ടും മാസ്‌കും, സാമൂഹിക അകലം പാലിക്കലും ഒക്കെ വേണ്ടി വന്നത്. ബി എ 2.75 ആകട്ടെ, ഏപ്രിലിലെ ബിഎ 2 വിന്റെ വകഭേദമാണ്.

ഇന്ത്യയിലെ അനുഭവം വച്ച് ബിഎ 2.75 കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നതായി തെളിവില്ല. എന്തായാലും കൂടുതൽ ജാഗ്രത പാലിച്ചേ മതിയാവൂ. സെന്റോർ എന്ന് ഗ്രീക്ക് മിത്തോളജിയിലെ പാതി മനുഷ്യനും, പാതി കുതിരയുമായ ജീവിയുടെ പേരിലുള്ള നക്ഷത്രസമൂഹത്തെ ആധാരമാക്കിയാണ് സെന്റോറസ് എന്ന ചെല്ലപ്പേര് ട്വിറ്ററിൽ പ്രചരിച്ചത്