ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് ഭാവിയിലേക്ക് വേണ്ടി കഴിവുകൾ വികസിപ്പിച്ച് യുവാക്കളെ ശാക്തീകരിക്കാൻ വാധ്വാനി ഫൗണ്ടേഷൻ തയ്യാറെടുക്കുന്നു. യുവാക്കളുടെ തൊഴിൽ സംബന്ധമായ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ദിനമാണിന്ന്.

യുവാക്കളെ മികച്ച സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭയാണ് ഇത്തരത്തിലൊരു ദിനാചരണത്തിന് തുടക്കം കുറിച്ചത്. ' ഭാവിയിലേക്കുള്ള യുവത്വ നൈപുണ്യ പരിവർത്തനം' എന്നതാണ് ഈ വർഷത്തെ വിഷയം.

കോവിഡിന് ശേഷമുള്ള പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് വിദ്യാഭ്യാസ രീതിയിൽ പുനർരൂപകൽപ്പന നടത്തി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ രംഗത്തിന് പര്യാപ്തമായ രീതിയിൽ യുവാക്കളെ സജ്ജമാക്കണമെന്നതാണ് ഇത്തവണത്തെ ലക്ഷ്യം. ഇതിനായി വാധ്വാനി ഫൗണ്ടേഷൻ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. കൊവിഡിനെത്തുടർന്ന് ബിസിനസ് രംഗത്ത് ഉടലെടുത്ത ഡിജിറ്റൽ മാറ്റങ്ങൾ യുവാക്കൾക്ക് ഉയർന്ന വേതനം ഉറപ്പാക്കുമെന്ന് വാധ്വാനിയുടെ പ്രസിഡന്റും സിഇഒയുമായ അജയ് കേല പറഞ്ഞു.