ശാസ്ത്ര പ്രചരണ രംഗത്ത് ദശാബ്ദങ്ങളായി നിസ്തുല സംഭാവനകൾ നല്കിവരുന്ന തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെയും പ്രിയദർശിനി പ്ലാനറ്റേറിയത്തിന്റെയും വികസനം പരിമിതപ്പെടുത്തുന്ന എല്ലാ നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്ന് ബ്രേക്ക്ത്രൂസയൻസ് സൊസൈറ്റി തിരുവനന്തപുരം ചാപ്റ്റർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ദേശീയ മാനദണ്ഡങ്ങൾ പ്രകാരം നിലവിൽ ആവശ്യമായതിലും വളരെ കുറവ് സ്ഥലത്താണ് മ്യൂസിയവും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഇതിൽ തന്നെ ഒരു വലിയ പങ്ക് സ്ഥലം ഉന്നത വിദ്യാഭ്യാസ കൗൺസിലും മോഡൽ ഫിനിഷിങ് സ്‌കൂളും കയ്യടക്കി വച്ചിരിക്കുകയാണ്.

ഈ സ്ഥാപനങ്ങളെ ഉചിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച് കൊണ്ട് മ്യൂസിയത്തിന് കൂടുതൽ സ്ഥലം അനുവദിച്ച് അതിനെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നിരന്തര പ്രചോദനമായി പ്രവർത്തിക്കാൻ കഴിയുന്ന അന്താരാഷ്ട്രനിലവാരത്തിലുള്ള ശാസ്ത്രകേന്ദ്രമായി മാറ്റുന്നതിന് പകരം ഉള്ള കെട്ടിടങ്ങൾ കൂടി പൊളിച്ച് മാറ്റി ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആസ്ഥാനകാര്യാലയം കൂടി സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. സർക്കാരിന്റെ ഈ തീരുമാനം രണ്ട് സ്ഥാപനങ്ങളുടേയും ഭാവി വികസനം മുരടിക്കുന്നതിന് കാരണമാകുമെന്നും ബ്രേക്ക്ത്രൂസയൻസ് സൊസൈറ്റി തിരുവനന്തപുരം ചാപ്റ്റർ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ശാസ്ത്രത്തിനെതിരെയും ശാസ്ത്രീയ ചിന്താഗതിക്കെതിരെയും സംഘടിത ആക്രമണം നടക്കുന്ന ഈ കാലത്ത് പ്ലാനറ്റേറിയം പോലെയുള്ള ശാസ്ത്രസ്ഥാപനങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ബ്രേക്ക്ത്രൂസയൻസ് സൊസൈറ്റി ആവശ്യപ്പെട്ടു.