ലണ്ടൻ: ഇന്ത്യയ്ക്ക് പിടികിട്ടാപുള്ളിയാണ് ലളിത് മോദി. പക്ഷേ ലണ്ടനിൽ സുഖജീവിതം. ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് ഐ.പി.എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയുടെ പുതിയ ട്വീറ്റ്. ബോളിവുഡ് താരം സുസ്മിതാ സെന്നുമായി താൻ ഡേറ്റിങ്ങിലാണെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് ലളിത്. സുസ്മിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

സുസ്മിതയെ തന്റെ നല്ലപാതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. 'മാലദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു', ലളിത് മോദി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ചിത്രം വൈറലാണ്. കമന്റുകളും പ്രവഹിക്കുന്നു. ഇതെപ്പോൾ സംഭവിച്ചുവെന്നായിരുന്നു ഒരാളുടെ ചോദ്യം. സുസ്മിത ലളിതിനെ വിവാഹം കഴിച്ചോയെന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. സുസ്മിതയുടെ മുൻ കാമുകനായ റോഹ്‌മാൻ ഷോൾ എവിടെ എന്നു ചോദിക്കുന്നവരുമുണ്ട്.

അതേസമയം ലളിതിന്റെ ബിസിനസ് പാർട്ണറാവാം സുസ്മിതയെന്ന വാദവും സജീവമാണ്. സംശയങ്ങൾക്ക് ഉത്തരവുമായി ലളിത് മോദി തന്നെയെത്തി. തങ്ങൾ ഡേറ്റിങ്ങിലാണെന്നും വിവാഹിതരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേസെടുത്തതിനെ തുടർന്ന് രാജ്യംവിട്ട ലളിത് മോദി ഇപ്പോൾ ലണ്ടനിലാണ് കഴിയുന്നത്. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയിലെ അന്വേഷണങ്ങൾക്കിടയിൽ 2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. കേസുകൾ ഇപ്പോഴും സജീവമാണ്.

ബോളിവുഡിലെ മിന്നുംതാരമായിരുന്ന സുസ്മിത സെൻ 1994-ൽ മിസ് യൂണിവേർസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവിവാഹിതയായ നടി രണ്ട് കുട്ടികളെ ദത്തെടുത്ത് വളർത്തിയിരുന്നു. 'മൂന്ന് തവണ വിവാഹത്തിന് അടുത്തെത്തിയതാണ്. എന്നാൽ മൂന്ന് തവണയും ദൈവം എന്നെ രക്ഷിച്ചു' എന്നാണ് താരം ഈയിടെ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നത്.

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ ട്വന്റി20) ക്രിക്കറ്റിലേക്കു കൊച്ചി ടസ്‌കേഴ്‌സ് ടീമിന്റെ പ്രവേശനം തടയാൻ ഐപിഎൽ ചെയർമാനായിരുന്ന ലളിത് മോദി പരമാവധി ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ ഈയിടെ ചർച്ചയായിരുന്നു. കൊച്ചിയുമായുള്ള രസക്കേടിൽ തുടങ്ങിയ വിവാദം എങ്ങനെ ലളിത് മോദിയെ ബിസിസിഐയിൽ നിന്നു പുറത്താക്കുന്നതിലേക്കു നയിച്ചെന്നും മാധ്യമപ്രവർത്തകൻ ബോറിയ മജുംദാർ രചിച്ച 'മാവ്റിക് കമ്മിഷണർ ദ് ഐപിഎൽലളിത് മോദി സാഗ' എന്ന പുസ്തകം പറയുന്നു.

2010ലാണ് കൊച്ചി ആസ്ഥാനമായി പുതിയ ടീം ഐപിഎലിലെത്തുന്നത്. എന്നാൽ ടീമിനെ അംഗീകരിച്ചു കൊണ്ടുള്ള രേഖകളിൽ ഒപ്പു വയ്ക്കാൻ അവസാനനിമിഷം വരെ, ഐപിഎൽ കമ്മിഷണർ ലളിത് മോദി തയാറായില്ല. അവസാനം ബിസിസിഐ ചെയർമാൻ ശശാങ്ക് മനോഹറിൽനിന്ന് അർധരാത്രി ഒരു ഫോൺ കോൾ വന്നതിനു ശേഷമാണ് ലളിത് മോദി അയഞ്ഞത്. പുലർച്ചെ 3 മണിക്കായിരുന്നു രേഖകളിൽ ഒപ്പുവയ്ക്കൽ.

അതിനു പിന്നാലെ കൊച്ചി ടീമിൽ പങ്കാളിത്തമുണ്ടായിരുന്ന കേന്ദ്രമന്ത്രി ശശി തരൂരിനും ഭാര്യ സുനന്ദ പുഷ്‌കറിനുമെതിരെ മോദി തുടരെ ട്വീറ്റ് ചെയ്തു. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് 2010 ഐപിഎലിനു ശേഷം ബിസിസിഐയിൽ നിന്നു പുറത്തായ ലളിത് മോദിക്കു പിന്നീട് ആജീവനാന്ത വിലക്കും ലഭിച്ചു. പിന്നാലെ ലളിത് മോദി ഇന്ത്യ വിടുകയും ചെയ്തു.