ആലപ്പുഴ: ഫെയ്സ് ബുക്കിൽ വനിതാ അഭിഭാഷകയ്ക്കെതിരെ പോസ്റ്റിട്ട മറ്റൊരു വനിതാ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ആലപ്പുഴ കോടതിയിലെ അഭിഭാഷക ദേവി ആർ രാജിനെ(48)യാണ് വ്യാഴാഴ്ച രാത്രി മുതൽ കാണാതായത്. കോടതി വളപ്പിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മാതാവിന്റെ പരാതിയിൽ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫെയ്സ് ബുക്കിൽ കുറിപ്പിട്ട ശേഷമാണ് അഭിഭാഷകയെ കാണാതായത്. വ്യക്തി ജീവിതത്തിൽ ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ള ചില സ്ത്രീകൾ വളരെ അപകടകാരികൾ ആയിരിക്കും... അത്തരമൊരു അപകടകാരി എന്റെ ജീവിതത്തിലും ... സംഘടനയിലെ വ്യക്തി താല്പര്യ അജണ്ടകൾക്കെതിരെ ശബ്ദമുയർത്തിയാൽ അപകടപ്പെടുത്തുമെന്ന് ഭീഷണി. എനിക്കോ കോടതിയിലെ എന്റെ സ്ത്രീ പുരുഷ സൗഹൃദങ്ങൾക്കോ എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിനുത്തരവാദി ആലപ്പുഴ ബാറിലെ അഭിഭാഷക.... ആയിരിക്കും.. അഭിഭാഷകയുടെ പേരുൾപ്പെടെ പോസ്റ്റ് ചെയ്തിരിക്കുന്നതിനാൽ ഇവർക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്.

ഏറെ നാളായി വനിതാ അഭിഭാഷക ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അഭിഭാഷകയുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ ആരോപണ വിധേയയായ അഭിഭാഷക ഭീഷണിയും വ്യക്തിഹത്യയും നടത്തിയിരുന്നതായി സുഹൃത്തുക്കളോട് ഇവർ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇവർ ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടതിന് ശേഷം കാണാതായിരിക്കുന്നത്.

ഇതു സംബന്ധിച്ച് മുതിർന്ന അഭിഭാഷകരും പൊലീസിൽ പരാതി നൽകിയിരുന്നു. കാണാതായതിൽ ദുരൂഹത ആരോപിച്ചാണ് മാതാവ് പരാതി നൽകിയിരിക്കുന്നത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാൽ എവിടെയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജഡ്ജിയുടെ ചേംബറിനടുത്താണ് കാർ ഉപേക്ഷിച്ചിരിക്കുന്നത്. കാറിനുള്ളിൽ കറുത്ത കോട്ടും ഉണ്ട്. ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്.

അതേ സമയം അഭിഭാഷക നോർത്ത് പൊലീസ് സബ് ഇൻസ്പെക്ടറുമായി ഫോണിൽ സംസാരിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഉടൻ സ്റ്റേഷനിലെത്തുമെന്നും സൂചനയുണ്ട്.