പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് രാധിക ദമ്പതികളുടെ ഏകമകനുമായ യു.അമർത്യ (14) ആണു മരിച്ചത്. പാലക്കാട് ഭാരത് മാതാ സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അമർത്യ. കുട്ടിയുടെ ജീവനെടുത്തത് ഓൺലൈൻ ഗെയിം കളിയെന്നാണ് പുറത്ത് വരുന്ന വിവരം.

കുട്ടി ഒഴിവുസമയങ്ങളിൽ മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങൾ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരിച്ചതെന്നു സംശയിക്കുന്നെന്നും ബന്ധുക്കളും രക്ഷിതാക്കളും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.

രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും കസബ പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷമേ വ്യക്തത വരൂ എന്നും പൊലീസ് പറഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം വിദ്യാർത്ഥികൾക്കിടയിൽ ഓൺലൈൻ ഗെയിം വീണ്ടും വില്ലനായി എത്തിയിരിക്കുകയാണ്. ഓൺലൈൻ ഗെയിമിലൂടെ നിരവധി വിദ്യാർത്ഥികൾക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ വർഷവും ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടമായ 14കാരൻ മരിച്ചത് വാർത്തയായിരുന്നു. ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായ 14കാരൻ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത് വാർത്തയായിരുന്നു.

ഓൺലൈൻ ഗെയിമിന് അടിമകളായ നിരവധി വിദ്യാർത്ഥികളാണ് ഇതിനകം ആത്മഹത്യ ചെയ്തിട്ടുള്ളത്. നിരവധി മാതാപിതാക്കൾക്ക് ഇതിനകം മക്കളുടെ ഓൺലൈൻ ഗെയിമുകാരണം പണം നഷ്ടമായി. കഴിഞ്ഞ വർഷം ഒരു മാതാവിന്റെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടമായതും വാർത്തയായിരുന്നു.