ഹാരിസ്‌കൗണ്ടി(ഹൂസ്റ്റൺ): രാത്രി സമയം രണ്ടു കുട്ടികളെ കാറിൽ തനിച്ചാക്കി തൊട്ടടുത്തുള്ള കടയിൽപോയ മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. അവന്തി ലാട്രിസ് ജോൺസൻ(32) ആണ് അറസ്റ്റിലായത്.

വെസ്റ്റ് ലേക്ക് ഹ്യൂസ്റ്റൺ പാർക്ക് വേയിലുള്ള എച്ച്. ഇ.മ്പി പാർക്കിങ്ങ് ലോട്ടിലായിരുന്നു സംഭവം. കുട്ടികളെ പിൻസീറ്റിൽ ബെൽറ്റിട്ട് സുരക്ഷിതമാക്കി, കാർഡോർ ലോക്ക് ചെയ്യാതെയാണ് ഇവർ തൊട്ടടുത്തുള്ള കടയിലേക്ക് പോയത്.

സമീപത്തുള്ള ആരോ ചിലർ പൊലീസിനെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി കുട്ടികൾ കാറിൽ തനിച്ചിരിക്കുന്നത് കണ്ടെത്തുകയും, മാതാവിനെ തിരക്കി അടുത്തുള്ള കടയിൽ എത്തുകയും ചെയ്തു. ഇവർ കാറിൽ നിന്നും ഇറങ്ങിപോകുന്നത് തോട്ടടുത്തുള്ള ക്യാമറയിൽ പതിഞ്ഞിരുന്നു. മുപ്പതുമിനിട്ട് മാത്രമാണ് കുട്ടികളിൽ നിന്നും മാറിനിന്നതെന്ന് ഇവർ പറഞ്ഞുവെങ്കിലും പൊലീസ് യാതൊരു ദയാദാകഷിണ്യവും കാണിച്ചില്ല.

കുട്ടികളെ അപായപ്പെടുത്തൽ വകുപ്പു ചുമത്തി അറസ്റ്റു ചെയ്തു ഇവരെ ഹാരിസ് കൗണ്ടി ജയിലിലടച്ചു. യാതൊരു കാരണവശാലും കാറിൽ കുട്ടികളെ തനിച്ചു വിടരുതെന്ന കർശന നിയമം നിലവിൽ ഉണ്ടെന്ന് ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. അധികൃതർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസ് എത്തി കുട്ടികളെ ഏറ്റെടുത്തു. എന്നാൽ ഇവരുടെ മുത്തശ്ശിയുടെ അപേക്ഷ പരിഗണിച്ചു പിന്നീട് കുട്ടികളെ ഇവരെ ഏൽപിച്ചും കുട്ടികളുടെ ആരോഗ്യപരിപാലനത്തിനും, സുരക്ഷക്കും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.