- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം തേടി ശ്രീലങ്കയിൽ ഇന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം; പുതിയ പ്രസിഡന്റിനെ ബുധനാഴ്ച തിരഞ്ഞെടുക്കും; റെനിൽ വിക്രമസിംഗെ തുടരാൻ അനുവദിക്കില്ലെന്ന് പ്രക്ഷോഭകർ; സർവ്വകക്ഷി സർക്കാർ രൂപീകരിക്കണമെന്ന് പ്രതിപക്ഷം
കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം തേടി ശ്രീലങ്കയിൽ ഇന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യുന്നത് സഭയിൽ ചർച്ചയാകും. പുതിയ പ്രസിഡന്റിനെ ബുധനാഴ്ച തിരഞ്ഞെടുക്കും.
എല്ലാ പാർട്ടി പ്രതിനിധികളോടും ഇന്നത്തെ സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗോതബായ രാജപക്‌സയുടെ രാജി കഴിഞ്ഞ ദിവസം സ്പീക്കർ അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന റെനിൽ വിക്രമസിംഗെ ഇതിന് പിന്നാലെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റിരുന്നു.
എന്നാൽ ഗോതബായയുടെ വിശ്വസ്ഥനായ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി തുടരാൻ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. റെനിലിനെ മുൻനിർത്തി ഭരണതുടർച്ച നടത്താണ് ഗോതബായയുടെ നീക്കമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
സർവ്വകക്ഷി സർക്കാർ രൂപീകരിക്കാൻ സ്പീക്കർ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ റെനിൽ വിക്രമസിംഗെയെ പിന്തുണയ്ക്കുമെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന പാർട്ടി പ്രഖ്യാപിച്ച് കഴിഞ്ഞു. വിക്രസിംഗെ തുടർന്നാൽ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോപകരുടെ തീരുമാനം.
ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്‌നങ്ങൾക്ക് നിരവധി കാരണങ്ങളാണ് ഉള്ളത്. ഭരണത്തിലെ അപ്രമാധിത്വം, ഭരണാധികരികളിലുണ്ടാക്കുന്ന അധികാരഭ്രമം ജനങ്ങളുടെ സ്വാതന്ത്രത്തെയും സ്വൈരജീവിതത്തെതും ബാധിച്ച് തുടങ്ങിയപ്പോഴാണ് ജനം ഭരണാധികാരികൾക്കെതിരെ തെരുവിലിറങ്ങിയതും അതിനെ തുടർന്ന് പ്രസിഡന്റ് ഗോതബായ രാജപക്‌സെയ്ക്ക് രാജ്യം വിട്ട് ഓടേണ്ടി വന്നതും.
പ്രസിഡന്റിനെതിരെ മാത്രമല്ല പ്രധാനമന്ത്രിക്കെതിരെയും ജനങ്ങൾ പ്രതിഷേധത്തിലാണ്. പ്രസിഡന്റിന്റെ വസതിയിലും പ്രധാനമന്ത്രിയുടെ വസതിയിലും മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലെല്ലാം തന്നെ ഈ അമർഷം ഉണ്ടായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി എന്ന് തീരുമെന്ന ആശങ്കയിലാണ് ജനങ്ങളെല്ലാവരും.
പ്രസിഡന്റ് രാജ്യം വിട്ടെന്ന ഔദ്ധ്യോഗിക സ്ഥിരീകരണം വരുന്നതിന് ഒരു ദിവസം മുമ്പ് തന്നെ പ്രക്ഷോഭകാരികൾ പ്രസിഡന്റ് കൊട്ടാരം കൈയടക്കിയിരുന്നു. ഭരണകാലത്ത് ജനങ്ങളുടെ സ്വപ്നങ്ങളിൽ മാത്രമുണ്ടായിരുന്ന ആ കൊട്ടാരത്തിലേക്ക് ശ്രീലങ്കയിലെ ഏറ്റവും സാധാരണക്കാരൻ പോലും കയറിച്ചെന്നു.
റെഡ് കാർപ്പറ്റ് വിരിച്ച് ലോകത്തിലെ രാഷ്ട്രത്തലവന്മാരെ സ്വീകരിച്ച ഇടനാളികളിൽ പ്രക്ഷോഭകർ സമര കാഹളം ഉയർത്തി. സ്വിമ്മിഗ് പൂളുകളിൽ നീന്തി കുളിച്ചു. പ്രസിഡന്റിന്റെ കിടപ്പുമുറികൾ പൊതുജനങ്ങളുടെ വിശ്രമ കേന്ദ്രമായി മാറി. തീൻ മേശകളിൽ അവർ ബ്രഡ്ഡും ജാമ്മും ചേർത്ത് കഴിച്ചു. പ്രസിഡന്റിന്റെ വിശ്രമമുറികളിൽ ചീട്ട് കളിച്ച് സമയം നീക്കി. പ്രസിഡന്റിന്റെ മേശയ്ക്ക് പിന്നിലെ കസേരയിൽ ഇരുന്ന് അവർ സെൽഫികളെടുത്തു. സമാനതകളില്ലാത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലങ്കയിൽ അരങ്ങേറിയത്.
മറ്റ് ചിലർ പ്രസിഡന്റിന്റെ ജിമ്മിൽ വർക്കൗട്ട് ചെയ്തു. വേറെ ചിലർ പ്രസിഡന്റിന്റെ പിയാനോയിൽ വിരലുകളോടിച്ചു. ചിലർ വസ്ത്രങ്ങൾ മാറിമാറി ധരിച്ച് സെൽഫികളെടുത്തു. ജനം ഇതുവരെ കണ്ടിട്ടില്ലാത്ത വിലകൂടിയ എല്ലാ വസ്തുക്കളോടെപ്പവും സെൽഫികളെടുക്കാൻ ക്യൂ നിന്നു. ഓരോ ക്യൂവും കിലോമീറ്ററുകളോളം നീണ്ടു.ചുമരുകളിലെല്ലാം കറുത്ത തുണിയിലെഴുതി തൂക്കിയ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ കാറ്റിലാടി.
തങ്ങളുടെ പ്രതിഷേധങ്ങളെല്ലാം എഴുതി അവർ ആ കൊട്ടാരത്തിൽ മുഴുവനും തൂക്കി. വന്നവരെല്ലാം പക്ഷേ തിരിച്ച് പോയില്ല. ചിലർ ഇപ്പോഴും പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തന്നെ താമസിക്കുന്നു. അവർ പ്രസിഡന്റ് കൊട്ടാരത്തിലെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്ത്, പ്രസിഡന്റിന്റെ വിരുന്നു മേശകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നു. കൊട്ടാരത്തിൽ തന്നെ ഉണ്ടുറങ്ങിക്കിടക്കുന്നു.
പ്രസിഡന്റ് കൊട്ടാരത്തിലെ പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും സമീപത്തെ യൂണിവേഴ്‌സിറ്റികളിൽ നിന്നും പിന്നെ മറ്റ്ചിലരുടെ സ്‌പോൺസർഷിപ്പിലുമാണ് ലഭിക്കുന്നതെന്ന് താമസക്കാർ പറയുന്നു. ഒന്നും രണ്ടുമല്ല, നിരവധി പേരാണ് ആ വിശാലമായ കൊട്ടാരത്തിനുള്ളിൽ ഇപ്പോഴുള്ളത്. ഇവർക്കാവശ്യമായ ഭക്ഷണവും പുറത്ത് നിന്ന് കൊണ്ടുവന്ന് അവിടെ പാചകം ചെയ്താണ് കഴിക്കുന്നത്.
വൈദ്യുതിയും മരുന്നുമില്ലാത്തതിനാൽ തുറക്കാതെ കിടക്കുന്ന ആശുപത്രികൾ, കടലാസ് ഇല്ലാത്തതിനാൽ നടക്കാതെ പോയ സ്‌കൂൾ പരീക്ഷകൾ, അടച്ചിട്ട സ്‌കൂളുകൾ, ഇന്ധനത്തിനും പാചകവാതകത്തിനും വേണ്ടി കിലോമീറ്റർ പൊരിവെയ്‌ലത്ത് ക്യൂനിൽക്കുന്ന സ്ത്രീകളും പുരുഷന്മാരും. ഇതെല്ലാമാണ് ശ്രീലങ്കയിൽ നിന്നുള്ള ദൃശ്യങ്ങൾ.
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും ദ്വീപ് ജനതയുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാക്കിത്തീർത്തു. ലങ്കയിൽ നിന്നും രക്ഷപ്പെട്ട് മാലിയിലെത്തിയ പ്രസിഡന്റ് ഗോതാബയാ രാജപക്‌സെ അവിടെ നിന്നും സിംഗപ്പൂരിലേക്കും പിന്നീട് സൗദി അറേബ്യയിലേക്കും അദ്ദേഹം പലായനം ചെയ്‌തെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. താൽക്കാലിക പ്രസിഡന്റായി റനിൽ വിക്രമസിംഗെ അധികാരമേറ്റെങ്കിലും പ്രതിഷേധക്കാർ അദ്ദേഹത്തെ അംഗീകരിക്കില്ല. സർവകക്ഷി സർക്കാർ അധികാരത്തിൽ എത്തുംവരെ ശ്രീലങ്കയിൽ പ്രക്ഷേഭം തുടരാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
ന്യൂസ് ഡെസ്ക്