തലശേരി: തലശേരി നഗരസഭയിലെ കോടിയേരിയിൽ വീണ്ടും അനധികൃത ഡീസൽ കടത്ത് പിടികൂടി. മാഹിയിലെ പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ നിന്നും അനധികൃതമായി ടാങ്കർ ലോറികളിൽ ഡീസൽ കടത്തിക്കൊണ്ടു പോകുന്നതിനിടെ തലശേരി എ. എസ്‌പി വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വീണ്ടും ഡീസൽ കടത്ത് പിടികൂടിയത്.

കോടിയേരിൽ ഇന്ന് നടത്തിയ വാഹന പരിശോധനയിലാണ് കെ. എൽ 39 ക്യൂ3104 ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 12000 ലിറ്റർ ഡീൽ പൊലിസ് പിടികൂടിയത്. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിനുള്ള യാതൊരു രേഖകളും വാഹനത്തിലുണ്ടായിരുന്നില്ല. പ്രതികൾ മാഹിയിലെ മൂലക്കടവ് ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പിൽ നിന്നും എറണാകുളത്ത് വിൽപന നടത്തുന്നതിനായി കൊണ്ടുപോവുകയായിരുന്നു ഡീസൽ.

ലോറി ഡ്രൈവർ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കുളങ്ങരതൊടിയിൽ വീട്ടിൽ വിഷ്ണുലാൽ(29) സഹായികളായ പയ്യാവൂർ പുളിയൻ മാക്കൽ ഹൗസിൽ ആൽവിൻ(25) എറണാകുളം പള്ളിപറമ്പിൽ മുനമ്പത്തെ ഫ്രോലിൻ ജോസഫ്(28) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ന്യൂമാഹി എസ്. ഐ ടി. എം വിപിൻ, എ. എസ്. ഐ സഹദേവൻ, എസ്. സി. പി.ഒ ശ്രീജേഷ്, സുജേഷ്, സി.പി. ഒ ലിംനേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

കഴിഞ്ഞ 12ന് അനധികൃതമായി മാഹിയിൽ നിന്നും കടത്തുകയായിരുന്ന 12,000 ലിറ്റർ ഡീസൽ ചൊക്ളി പൊലിസ് പിടികൂടിയിരുന്നു. തലശേരി എ. എസ്‌പി വിഷ്ണുപ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ടാങ്കർലോറി സഹിതം രണ്ടുപേരെ പിടികൂടിയിരുന്നു. വാഹനത്തിന്റെ ഡ്രൈവർ പാലക്കാട് കൊല്ലങ്കോര് സ്വദേശി ആര്യംപാടം ഹൗസിൽ കൃഷ്ണദാസ്(37) സഹായി നെന്മാ എൻ. എസ്. എസ് കോളേജിന് സമീപം മുഞ്ഞോലി വീട്ടിൽ എം.ഡി ബേബി എന്നിവരാണ് അറസ്റ്റിലായത്. രേഖകളോ പെട്രോളിയം കടത്ത് ലൈസൻസോയില്ലാത്ത ടാങ്കർ ലോറിയിൽ ഇവർ കോയമ്പത്തൂരിലേക്കാണ് ഇവർ ഡീസൽ കടത്തിയിരുന്നത്.