പിണറായി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് അഞ്ചരക്കണ്ടി-മമ്പറം മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വയലുകളിലും മൂന്നാം പാലം ഉൾപ്പെടെയുള്ള വയൽ പ്രദേശത്തിനോട് ചേർന്ന റോഡുകളിലേക്കും വെള്ളം കയറി. ഇതോടെ അഞ്ചരക്കണ്ടി പുഴയുടെ തീരപ്രദേശത്തെയും അഞ്ച് പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ചാമ്പാട് തോടിൽ നിന്നുള്ള വെള്ളമൊഴുക്ക് ശക്തമായതോടെ ഊർപ്പള്ളി വയലിൽ വെള്ളം കയറി. ചാമ്പാട്, ഓടക്കടവ്,കിലാലൂർ, പിലാഞ്ഞി ,മാമ്പ, ആനേ നിമെട്ട, ചിറമ്മൽ, വേങ്ങാട് അങ്ങാടി, മുണ്ടേരി, ഏച്ചൂർ, കാഞ്ഞിരോട് തുടങ്ങിയ ഭാഗങ്ങളിലെ വയലുകളിലും ശക്തമായ മഴയിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്.

അഞ്ചരക്കണ്ടി -മമ്പറം പുഴയോരങ്ങളിൽ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കൂടുന്നത് പ്രദേശവാസികൾ ആശങ്ക ഉയർത്തുന്നുണ്ട്.വരുംദിവസങ്ങളിൽ മഴ ശക്തമായാൽ പ്രദേശത്തെ മിക്ക റോഡുകളും വെള്ളത്തിനടിയിലാവുമെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നാം പാലത്തെ താല്ക്കാലിക റോഡിന്റെ ഇരുവശത്തും വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. സ്ഥലത്തെ താല്ക്കാലിക റോഡ് ജെസിബി ഉപയോഗിച്ച് രണ്ടായി മുറിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു. ഇരട്ട ന്യൂനമർദ്ദം വീണ്ടും രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴകനക്കുമെന്നതിനാൽ വെള്ളപൊക്കം ഭീഷണി നേരിടുന്ന പ്രദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.