- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരിൽ നിർമ്മാണ കമ്പനിയുടെ ഗോഡൗണിൽ വൻകവർച്ച; മെഷീൻ ടൂൾസും, ലാപ്‌ടോപ്പ്, കംപ്യൂട്ടർ എന്നിവയും കടത്തി; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
പയ്യന്നൂർ: പയ്യന്നൂർ-പുഞ്ചക്കാട് പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ മെഷീൻ ടൂൾസ് ഗോഡൗണിൽ വൻകവർച്ച. ഇന്ന് രാവിലെ ഒമ്പത് മണിയോടെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന് സമീപത്തെ ഗ്ലാസ് ചേമ്പർ തകർത്ത നിലയിൽ കണ്ടത്.തുടർന്ന് പയ്യന്നൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പുഞ്ചക്കാട് സ്വദേശി തണ്ട്രായി വിപിൻ കുമാറിന്റെ ഭാര്യ പി.എം.ജിനയുടെ പേരിലുള്ള പുഞ്ചക്കാട് ശ്മശാനത്തിന് സമീപത്തായി പ്രവർത്തിക്കുന്ന ഡി ആർച്ച്ബിൽഡേ്‌ഴ്‌സ് ആൻഡ് ഡവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഓഫീസിനോടനുബന്ധിച്ചുള്ള ഗോഡൗണിലാണ് കവർച്ച നടന്നത്.
നിർമ്മാണ പ്രവർത്തികൾക്കായുള്ള മെഷീനുകൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് കവർച്ച .രണ്ടു ഷട്ടറുകളുള്ള സ്ഥാപനത്തിന്റെ ഒരു ഭാഗം ഗ്ലാസുകൊണ്ട് വേർതിരിച്ചിരിക്കുന്നതിനാൽ ഈ ഭാഗത്തെ ഷട്ടർ താഴ്‌ത്തിയിടാറാണ് പതിവ്, പൂട്ടിയിരുന്നില്ല. സ്ഥാപനത്തിൽ കവർച്ചക്കെത്തിയവർ ഈ ഷട്ടർ ഉയർത്തി അതിനകത്തെ ഗ്ലാസ് ചേമ്പർ തകർത്താണ് അകത്തുകയറിയത്.
മെഷീൻ ടൂൾസുകളും, ഓഫീസ് ക്യാബിനിലെ ലാപ്‌ടോപ്പ്, കംപ്യൂട്ടർ എന്നിവ മോഷ്ടാക്കൾ കടത്തി കൊണ്ടുപോയി. കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറ തകർക്കുകയും മോഷ്ടാക്കളെ തിരിച്ചറിയാതിരിക്കാൻ നിരീക്ഷണ ക്യാമറയുടെ ഡിവിആറും കവർച്ചക്കാർ കൊണ്ടുപോയി. സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ എസ്‌ഐ.പി. വിജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിച്ചുവരികയാണ്.




