- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിചെയിൻ മാതൃകയിൽ തട്ടിപ്പ്; ഇല്ലാത്ത കമ്പനിയുടെ പേരിൽ ജനങ്ങളുടെ വിശ്വാസ്യത നേടിയ ശേഷം തട്ടിയെടുത്തത് 100 കോടിയോളം രൂപ: സംസ്ഥാനത്തുടനീളം നടന്ന തട്ടിപ്പിൽ ഒരുലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവർ: മലപ്പുറം സ്വദേശി അറസ്റ്റിൽ
കൂത്തുപറമ്പ്: മണിചെയിൻ മാതൃകയിൽ സംസ്ഥാനത്തുട നീളം 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ വി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്. ഇല്ലാത്ത കമ്പനിയുടെ പേരിൽ സംസ്ഥാനത്തുട നീളമുള്ള ആളുകളിൽ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിക്കുകയായിരുന്നു. ഇയാളുടെ വാക്കു വിശ്വസിച്ച് ഒരു ലക്ഷം രൂപ മുതൽ ഒന്നരക്കോടി വരെ നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്. നാണക്കേട് മൂലം പലരും ഇനിയും പരാതിയുമായി രംഗത്ത് വന്നിട്ടില്ല.
സംസ്ഥാനത്തും പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിൽ ആളുകളെ ചേർത്ത് നിക്ഷേപം സ്വീകരിച്ചാണ് ഇയാൾ കോടികൾ സ്വന്തം പോക്കറ്റിലാക്കിയത്. പിടിയിലാകുമെന്ന് മനസ്സിലായതോടെ തിരുവനന്തപുരം വിമാനത്താവളം വഴി ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന പേരിൽ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിപ്പ്. എന്നാൽ പൊലീസ് അന്വേഷണത്തിൽ അങ്ങനെ ഒരു കമ്പനിയില്ലെന്ന് വ്യക്തമായി. പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന പേരിൽ ബാങ്കോക്കിലും തായ്ലൻഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചും നിക്ഷേപം സ്വീകരിച്ചതായി കണ്ടെത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരങ്ങളാണ് ഈ തട്ടിപ്പുകാരുടെ വലയിൽ വീണ് പണം നഷ്ടമായത്. ഒരുലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ഓരോവർഷവും വലിയ തുക തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്. ഇതിനായി വിവിധ ജില്ലകളിൽ ഏജന്റുമാരും ഉണ്ടായിരുന്നു. പദ്ധതിയിൽ ചേരുന്നവർക്ക് മൊബൈൽ ആപ്ലിക്കേഷനും യൂസർ ഐ.ഡി.യും പാസ്വേർഡും നൽകും. ആദ്യം ചെറിയ തുക ലാഭവിഹിതമായി നൽകി വിശ്വാസ്യത പിടിച്ചുപറ്റി. ഇതോടെ അറിഞ്ഞും കേട്ടും പലരും പണം നിക്ഷേപിച്ചു. എന്നാൽ നിക്ഷേപകരെ വിശ്വസിക്കാൻ ആദ്യകാലത്ത് കുറച്ച് പണം നൽകിയെങ്കിലും പിന്നീട് ആർക്കും പണം ലഭിക്കാതായി. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.
കൂത്തുപറമ്പ് മേഖലയിലും ഒട്ടേറെപ്പേരാണ് തട്ടിപ്പിൽ കുടുങ്ങിയത്. ഇവർ കൂത്തുപറമ്പ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് അസി. പൊലീസ് കമ്മിഷണർ പ്രദീപൻ കണ്ണിപ്പൊയിൽ പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചു. ഇതോടെ പലരും തങ്ങൾ കബളിപ്പിക്കപ്പെട്ടതായി കാണിച്ച് പൊലീസിൽ പരാതി നൽകി. ഇവർ നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയും കമ്പനിയുടെ സിഇഒ.യുമായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് എറണാകുളം തുടങ്ങിയ ജില്ലകളിലും സമാനമായ കേസുണ്ട്. മട്ടന്നൂർ കയനി സ്വദേശിയായ മുഹമ്മദലിയാണ് കേസിലെ ഒന്നാംപ്രതി. കൂടാതെ കമ്പനിയുടെ 12-ഓളം ഡയറക്ടർമാരും പ്രതികളാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുഹമ്മദ് ഫൈസലിനെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ