പാലക്കാട്: കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ ബസ് ഓടിച്ചതിന് പിഴയിട്ട് ട്രാഫിക് പൊലീസ്. യാത്രക്കാരെയും കൊണ്ട് പാലത്തിന് മുകളിലൂടെ സാഹസിക യാത്ര നടത്തിയതിനാണ് പ്രൈവറ്റ് ബസിന് പിഴ ചുമത്തിയത്. മണ്ണാർക്കാട് ട്രാഫിക് പൊലീസിന്റെതായിരുന്നു നടപടി.

35 യാത്രക്കാരെയും കൊണ്ടാണ് വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ ബസ് സാഹസിക യാത്ര നടത്തിയതെന്നാണ് വിവരം. പാലക്കാട് ഞെട്ടരക്കടവ്-പൊമ്പ്ര പാലത്തിലായിരുന്നു സംഭവം. സ്വകാര്യ ബസ് പാലത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെയാണ് ട്രാഫിക് പൊലീസ് നടപടി സ്വീകരിച്ചത്. പാലത്തിലൂടെ നടന്നു നീങ്ങുന്ന കാൽനട യാത്രക്കാരെ പോലും വകവയ്ക്കാതെയാണ് യാത്രക്കാരെയും കൊണ്ട് ബസ് പോയത്.

പുറത്തു വന്ന വൈറൽ വീഡിയോയിൽ ബസിന്റെ പകുതിയോളം ഭാഗവും മുങ്ങിയിട്ടുള്ളതായി കാണാൻ കഴിയും. 35 ഓളം യാത്രക്കാരെയും കൊണ്ട് ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള സാഹസിക യാത്രയാണ് ഡ്രൈവർ നടത്തിയത്.

അതേസമയം , മനപ്പൂർവ്വം ജീവന് ഭീഷണിയാകുന്ന തരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് കണ്ടെത്തിയതിന് പിന്നാലെയാണ് പിഴയിടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി . കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച നെല്ലിപ്പുഴയിൽ ജല നിരപ്പ് ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടരക്കടവ്-പൊമ്പ്ര പാലം സഞ്ചരിക്കാൻ പോലും കഴിയാതെ വെള്ളത്തിനടിയിലായത്.