കണ്ണൂർ:കുരങ്ങ് പനി ലക്ഷണങ്ങളോടെ വിദേശത്തു നിന്നെത്തിയ പ്രവാസിയായ യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നു. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പൂണെയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. സ്രവത്തിന്റെ പരിശോധനാഫലം എത്തിയിട്ടില്ല.

ചൊവ്വാഴ്‌ച്ച ഫലം വന്നാൽ മാത്രമേ കുരങ്ങ് പനി ആണോയെന്ന കാര്യം ഉറപ്പിക്കാനാകൂവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്.

കണ്ണൂർ ജില്ലയിൽ ആദ്യമായാണ് മങ്കിപോക്സെന്ന സംശയത്താൽ ഒരാൾ നിരീക്ഷണത്തിലാവുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിശദീകരണം.