അടൂർ: രാത്രി വഴിയരികിൽ കണ്ട സ്ത്രീയെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം മകൻ കടന്നുകളഞ്ഞു. പിന്നാലെ സ്വത്തുക്കളുടെ രേഖകൾ ആവശ്യപ്പെട്ടെത്തി വഴക്കുണ്ടാക്കിയതോടെ യുവാവ് മകനെന്ന് കണ്ടെത്തി അഗതി മന്ദിരം അധികൃതരും. ഇതോടെ അടൂർ മഹാത്മാ ജനസേവന കേന്ദ്രം ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

പരാതിയിൽ പറയുന്നതിങ്ങനെ: ടാപ്പിങ് തൊഴിലാളിയായ മകൻ 71കാരിയായ അമ്മയ്‌ക്കൊപ്പം അടൂർ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രി ഇയാൾ അമ്മയെ മിത്രപുരം ഭാഗത്ത് വഴിയിൽ കൊണ്ടുനിർത്തി. അതുവഴി വന്ന പൊലീസ് വാഹനത്തിന് കൈകാണിച്ചു. തന്റെ പേര് ബിജു എന്നാണെന്നും അജ്ഞാതയായ വയോധികയെ വഴിയരികിൽ കണ്ടതാണെന്നും പൊലീസിനോടു പറഞ്ഞു. തുടർന്ന് പൊലീസ് വയോധികയെ കൂട്ടിക്കൊണ്ടു പോകുകയും മഹാത്മാ ജനസേവന കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. ആ അമ്മയാവട്ടെ മകന്റെ പ്രവൃത്തിയിൽ മനംനൊന്ത് ഒരക്ഷരം മിണ്ടാതെ പൊലീസിനൊപ്പം പോവുകയും ചെയ്തു. മകനെന്ന് സ്ഥാപിക്കാൻ മുതിർന്നതുമില്ല.

അഗതി മന്ദിരത്തിലെത്തിയതിന് പിന്നാലെ 16ന് അമ്മയുടെ ഫോണിലേക്ക് കോൾ വന്നു, വയോധികയെ ജനസേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ച ബിജുവാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങി. തുടർന്ന് കേന്ദ്രത്തിൽ മദ്യപിച്ചെത്തിയ ഇയാൾ വയോധികയുടെ കയ്യിലുള്ള രേഖകൾ കൈവശപ്പെടുത്താൻ ശ്രമം നടത്തി. ഇതിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ബിജുവെന്നു പറഞ്ഞു വന്നയാൾ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അധികൃതർ വട്ടപ്പാറ കല്ലയം കാരാമൂട് അനിതവിലാസത്തിൽ അജികുമാറിനെതിരെ പരാതി നൽകുകയായിരുന്നു.