യുക്രെയിന്റെ ചരക്ക് വിമാനം തകർന്ന് വീണിടത്ത് സൈനികർ പരിശോധന നടത്തി. മോർട്ടാർ ഷെല്ലുകളും ലാൻഡ് മൈനുകളുമായി പോയ വിമാനമായിരുന്നു തകർന്ന് വീണത്. കൂട്ടത്തിൽ ആണവായുധങ്ങൾ ഉണ്ടോ എന്ന് അറിയുവാനായിരുന്നു തിരച്ചിൽ നടത്തിയത്. സെർബിയയിൽ നിന്നും ബംഗ്ലാദേശിലേക്ക് ആയുധം കൊണ്ടുപോകുകയായിരുന്ന യുക്രെയിന്റെ അന്റോണോവ് എ എൻ 12 വിമാനമാണ് തകർന്നു വീണത്. ഇതിലുണ്ടായിരുന്ന എട്ട് യുക്രെയിനി സ്വദേശികൾ ഉൾപ്പടെ ഒൻപത് പേരും കത്തിച്ചാമ്പലായി,

ഇന്നലെ അതിരാവിലെ നടന്ന സംഭവത്തിന്റെ ചില വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഒരു തീഗോളം ആകാശത്തു നിന്നും താഴേക്ക് പതിക്കുന്ന ദൃശ്യങ്ങളാണ് ലഭ്യമായിട്ടുള്ളത്. തങ്ങളുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫാക്ടറികളിൽ നിർമ്മിച്ച് 11.5 ടൺ ഉത്പന്നങ്ങളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് സെർബിയൻ പ്രതിരോധ വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു. അത് ബംഗ്ലാദേശിലേക്ക് കൊണ്ടു പോകുകയായിരുന്നു എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇത് തകർന്നു വീണ ഗ്രീസിൽ, ഈ വിമാനത്തിലെ ചരക്കിനെ കുറിച്ച് അധികൃതർക്ക് കൂടുതലായി പറയാനൊന്നുമില്ല.

ഏതായാലും സൈന്യത്തിന്റെ ഒരു പ്രത്യേക യൂണിറ്റ് അപകട സ്ഥലം സന്ദർശിച്ചു പരിശോധനകൾ തുടങ്ങി. ആണവായുധങ്ങളൊ, ജൈവായുധങ്ങളോ, രാസായുധങ്ങളോ, ഇക്കൂട്ടത്തിൽ ഉണ്ടോ എന്നാണ് അവർ പരിശോധിക്കുന്നത്. അന്തരീക്ഷത്തിൽ പുകയ്ക്കൊപ്പമൊരു വെളുത്ത പൊടിയും ഉയർന്ന് പൊങ്ങിയതായി അഗ്‌നിശമന പ്രവർത്തകർ പറഞ്ഞിരുന്നു. മാത്രമല്ല, ചുണ്ടുകൾക്ക് പൊള്ളൽ ഏൽക്കുന്നതു പോലൊരു അനുഭവവും ഉണ്ടായതായി അവർ പറയുന്നു.

അതേസമയം, പ്രതിരോധ ഉത്പന്നങ്ങളും ആയുധങ്ങളും വിദേശ വ്യാപാരം നടത്താൻ അനുമതിയുള്ള വാലിർ എന്ന കമ്പനിയാണ് ഈ ചരക്ക് ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചതെന്ന് സെർബിയൻ പ്രതിരോധ മന്ത്രി അറിയിച്ചു. ഒരു എഞ്ചിൻ തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുവാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് വിമാനത്തിന്റെ പൈലറ്റ് ഗ്രീക്ക് അധികൃതരുമായി സംസാരിച്ച ഉടനെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു എന്നാണ് ടി വി ഇ ആർ ടി റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ഈ വിമാനം ജോർഡാനിലേക്ക് പോവുകയായിരുന്നു എന്ന് നേരത്തേ വന്ന റിപ്പോർട്ടുകളെ ജോർഡാൻ സിവിൽ ഏവിയേഷൻ റെഗുലേറ്ററി കമ്മീഷൻ ിരാകരിച്ചിരുന്നു. ഈ വിമാനത്തിന് ഇന്ധനം നിറക്കാനായി ജോർഡാനിലെ ക്യുൻ ആലിയ ഇന്റർനാഷണൽ എയർപോർട്ടിൽ വൈകിട്ട് 9.30 ന് ഇറങ്ങാനുള്ള അനുമതി നൽകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി. ഏതായാലും സംഭവം നടന്ന സ്ഥലത്തിന്റെ രിസരത്തുള്ള വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അപകടസ്ഥലം ഇപ്പോൾ ഗ്രീക്ക് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അഗ്‌നി ശമന പ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സമീപത്ത് ഒരു മലയ്ക്ക് മുകളിൽ ഉണ്ടായിരുന്ന ഒരു വ്യക്തി ടി വി ഇ ആർ ടിയോട് പറഞ്ഞത്, വിമാനത്തിന്റെ എഞ്ചിനിൽ നിന്നും ഒരു പ്രത്യേക തരത്തിലുള്ള ശബ്ദം കേട്ടു എന്നും പിന്നീട് അത് ഒരു അഗ്‌നിഗോളമായി താഴേക്ക് വരുന്നതാണ് കണ്ടതെന്നുമായിരുന്നു. രണ്ട് ഗ്രാമങ്ങൾക്ക് ഇടക്കുള്ള ഒരു കൃഷിയിടത്താണ് ഈ വിമാനം പതിച്ചിരിക്കുന്നത്.

സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരോടും സമീപ വാസികളോടും മാസ്‌ക് ധരിക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിനുള്ളിൽ രാസായുധങ്ങൾ ഉണ്ടായിരിക്കാം എന്നസംശയത്തിന്റെ പുറത്താണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. വിമാനത്തിലെ ചരക്കിനെ ഒരു അപകട വസ്തു എന്ന രീതിയിലാണ് പരിഗണിക്കുന്നത് എന്ന് ഗ്രീക്ക് അധികൃതർ പറഞ്ഞു. എന്താണ് അതിനകത്ത് ഉണ്ടായിരുന്നത് എന്ന് ഇനിയും വ്യക്തമായിട്ടില്ല എന്നും അധികൃതർ പറഞ്ഞു.