- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോൺ: ഉപഗ്രഹസർവ്വേയും ജനവാസമേഖലയിലെ കണക്കെടുപ്പും അനുവദിക്കില്ല: ഇൻഫാം
കൊച്ചി: ബഫർ സോണിന്റെ ദൂരപരിധി നിർണ്ണയിക്കാൻ വനംവകുപ്പിന്റെ കൈയിലുള്ള ഉപഗ്രഹ സർവ്വേ റിപ്പോർട്ടുകൾ പരിഗണിക്കുന്നതും വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒരു കിലോമീറ്റർ വരെയുള്ള ജനവാസകേന്ദ്രങ്ങൾ, വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികശ്, കൃഷിസ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയുടെ കണക്കെടുപ്പു നടത്തുന്നതും കർഷകർ യാതൊരുകാരണവശാലും അനുവദിക്കരുതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
ബഫർസോൺ വനാതിർത്തിക്കുള്ളിൽ മാത്രമായി നിജപ്പെടുത്തണമെന്ന ഉറച്ചനിലപാടിൽ കേന്ദ്രസർക്കാരിനെയും സുപ്രീം കോടതിയെയും കേന്ദ്ര എംപവേർഡ് കമ്മറ്റിയെയും സമീപിക്കുവാൻ ശ്രമിക്കാതെ ബഫർ സോണിനായി റവന്യൂ ഭൂമിയിലെ കണക്കെടുപ്പുകൾ നടത്തുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കും.
റബർ, പ്ലാവ്, മാവ് തുടങ്ങി ഒട്ടേറെ വൻഫലവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന കൃഷിയിടങ്ങളുള്ള സംസ്ഥാനത്ത് ഉപഗ്രഹ സർവ്വേയിലൂടെ നടത്തുന്ന വനാതിർത്തി നിര്ണ്ണയത്തിൽ കൃത്യതയുണ്ടാവില്ല.കർഷക കൃഷിഭൂമിയും വനപ്രദേശത്തിന്റെ പരിധിയിലാക്കുവാനേ ഉപഗ്രഹസർവ്വേ റിപ്പോർട്ടുകൾ ഉപകരിക്കൂ. ബഫർസോൺ വനത്തിനുള്ളിൽ നിജപ്പെടുത്തുമ്പോൾ സർവ്വേപോലും വനാതിർത്തിക്കുള്ളിൽ മാത്രമേ ആവശ്യമുള്ളൂ. ജണ്ടയിട്ടുതിരിച്ചിരിക്കുന്ന വനാതിർത്തിക്കു പുറത്തുള്ള റവന്യൂ ഭൂമിയിൽ കോടതിവിധിയുടെ പേരിലാണെങ്കിലും വനംവകുപ്പിന്റെ ഒരിടപെടലുകൾക്കും അവസരം സൃഷ്ടിക്കരുത്. കൃഷിഭൂമിയിൽ വനംവകുപ്പിന്റെ കടന്നുകയറ്റമുണ്ടായാൽ എന്തുവിലകൊടുത്തും മലയോരജനത ഒറ്റക്കെട്ടായി എതിർക്കണം. ബഫർസോൺ വനത്തിനുള്ളിൽ എന്ന നിലപാടിൽ വെള്ളംചേർക്കാൻ ആരെയും അനുവദിക്കില്ല. വനംവകുപ്പിനെ ഉദ്യോഗസ്ഥ ഭരണത്തിന്റെ അടിമത്വത്തിലേയ്ക്ക് തള്ളിവിട്ട് നിഷ്‌ക്രിയരായി ജനപ്രതിനിധികളും ഭരണസംവിധാനങ്ങളും അധഃപതിച്ചിരിക്കുന്ന ദുർവിധി കേരളത്തിൽ മാത്രമേയുള്ളുവെന്നും പതിറ്റാണ്ടുകളായി കർഷകന്റെ കൈവശത്തിൽ രേഖാമൂലമുള്ള കൃഷിഭൂമി വനവൽക്കരണത്തിന് വിട്ടുകൊടുക്കാൻ മലയോരജനത ഒരിക്കലും തയ്യാറല്ലെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.