കണ്ണൂർ: ഇൻഡിഗോ വിമാനത്തിനകത്ത് മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കാൾ ഗുരുതരമായ കുറ്റമാണ് ഇ.പി.ജയരാജൻ ചെയ്തതെന്ന് വിമാന കമ്പനിയുടെ നടപടിയോടെ വ്യക്തമായിരിക്കുകയാണെന്ന് ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ വധശ്രമമാണ് നടന്നതെന്ന കെട്ടുകഥ ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

വിമാനത്തിനകത്ത് ഗുരുതരമായ കുറ്റം ചെയ്തത് ഇ പി.ജയരാജനാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന് കൂടുതൽ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. സംഭവത്തിന് ദൃക്സാക്ഷികളായ വിമാന ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളി വീഴ്‌ത്തി മർദ്ദിച്ച ഇ.പി.ജയരാജനെതിരെ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കണം.

ജയരാജനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും. മുഖ്യമന്ത്രിക്കെതിരെ വധശ്രമമുണ്ടായെന്ന് പറഞ്ഞ് നാട്ടിലുടനീളം കലാപമുണ്ടാക്കിയ ഇ പി ജയരാജനടക്കമുള്ള സിപിഎം. നേതാക്കളുടെ പേരിലാണ് ആദ്യം കേസെടുക്കേണ്ടത്. വിമാനത്തിനകത്ത് മുദ്രാവാക്യം വിളി മാത്രമേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയിട്ടുള്ളൂ.

അതിനെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കള്ളക്കഥയുണ്ടാക്കി പർവതീകരിച്ച് സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിട്ടവർക്കെതിരെയാണ് നിയമനടപടി സ്വീകരിക്കേണ്ടത്. വിമാനത്തിനകത്ത് ഗുണ്ടായിസം കാണിച്ച ഇ.പി.ജയരാജനെ തള്ളിപ്പറയാൻ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും തയ്യാറാകണം. അതിനു ശേഷം മതി കോൺഗ്രസിനെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കലെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു.