- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരങ്ങു പനി: മുൻകരുതൽ നടപടികൾ കർശനമാക്കാൻ കേന്ദ്രസർക്കാർ; വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കാൻ നിർദ്ദേശം; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആരോഗ്യ പരിശോധന കർശനമാക്കും
ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ കുരങ്ങു പനി കേസും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുൻകരുതൽ നടപടികൾ കർശനമാക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ കർശന ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. വിമാനത്താവള, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് ഡയറക്ടർമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരിലൂടെ കുരങ്ങു പനി രോഗം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിന് ഇവരെ കർശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കാൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളനുസരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ വിഭാഗങ്ങൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കുരങ്ങു പനി നിയന്ത്രിക്കുന്നതിന് സംസ്ഥാന ഭരണകൂടങ്ങളും ഇമിഗ്രേഷൻ, വിമാനത്താവളം, തുറമുഖം എന്നീ വിഭാഗങ്ങളും തമ്മിൽ കാര്യക്ഷമമായ ഏകോപനം ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
രാജ്യാന്തര യാത്രക്കാർ വന്നിറങ്ങുന്ന വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആരോഗ്യപരിശോധന കർശനമാക്കാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം. കേരളത്തിലാണ് രണ്ടുപേർക്ക് കുരങ്ങു പനി സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയവരിലാണ് രോഗം കണ്ടെത്തിയത്. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവാവ്. ഈ മാസം പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്നെത്തിയത്.
നേരത്തേ കൊല്ലത്ത് കുരങ്ങു പനി സ്ഥിരീകരിച്ചതിനു പിന്നാലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കുകയും രോഗലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂരിലും കുരങ്ങു പനി ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ യുവാവിന് രോഗം സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നെത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇതിലൂടെ മങ്കി പോക്സിന്റെ വ്യാപനം തടയാൻ സാധിക്കും. മങ്കിപോക്സുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ