ജയ്പൂർ: രാജ്യത്തെ ആദ്യ ഡിജിറ്റൽ ലോക് അദാലത്ത് രാജസ്ഥാൻ അവതരിപ്പിച്ചു. ജയ്പൂരിൽ നടന്ന അഖിലേന്ത്യ ലീഗൽ സർവീസസ് അഥോറിറ്റി യോഗത്തിൽ നൽസ ചെയർമാൻ ഉദയ് ഉമേഷ് ലളിതാണ് എഐ അധിഷ്ഠിത ഡിജിറ്റൽ ലോക് അദാലത്ത് അവതരിപ്പിച്ചത്. രാജസ്ഥാൻ സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെ സംരംഭം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത് സാങ്കേതിക സഹകാരിയായ ജൂപിറ്റൈസ് ജസ്റ്റിസ് ടെക്നോളജീസാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖേലോട്ട്, നീതി,ന്യായ വകുപ്പ് മന്ത്രി കിരെൻ റിജ്ജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ് എൻ.വി.രമണ രണ്ടു ദിവസത്തെ യോഗം ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം ഈയിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രത്യേകിച്ച് പകർച്ച വ്യാധി കാലത്ത് കോടതികൾ പ്രവർത്തന രഹിതമായപ്പോൾ. ബീഹാറിൽ ഈയിടെ ഒരു ജില്ലാ കോടതിയിൽ ഭൂമി തർക്ക കേസ് തീർപ്പായത് 108 വർഷത്തിനു ശേഷമാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കേസായിരുന്നു അത്. നിലവിലെ രാജ്യത്തെ കേസുകൾ തീരണമെങ്കിൽ 324 വർഷമെങ്കിലും എടുക്കുമെന്ന് നീതി ആയോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 75 മുതൽ 97 ശതമാനംവരെയുള്ള ന്യായമായ പ്രശ്നങ്ങൾ, അതായത് അഞ്ചു ദശലക്ഷം മുതൽ 40 ദശലക്ഷം വരെ പ്രശ്നങ്ങൾ ഓരോ മാസവും കോടതിയിൽ എത്തുന്നില്ലെന്നും റിപോർട്ട് പറയുന്നു.

ഈ രംഗത്ത് സാങ്കേതിക ഇടപെടലിന്റെ അനിവാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഡിജിറ്റൽ വേർതിരിവ് ഇല്ലാതെ നീതി സാധാരണക്കാർക്ക് കൂടി ലഭ്യമാകുന്ന തരത്തിലാണ് ഗവേഷണത്തിലൂടെ ജൂപിറ്റൈസ് ഡിജിറ്റൽ ലോക് അദാലത്ത് രൂപകൽപ്പന ചെയ്തത്. ഇതുവഴി വെബ്, മൊബൈൽ, സിഎസ്സികൾ തുടങ്ങിയവയിലൂടെ ഗ്രാമങ്ങളിൽ പോലും താങ്ങാവുന്ന രീതിയിൽ മറ്റു സേവനങ്ങൾ പോലെ തന്നെ നിയമ കാര്യ സേവനങ്ങളും ലഭ്യമാക്കാനാകും.